ആത്മീയ സേവനവും ആശ്രമ ഭരണവും സമത്വബോധത്തോടെയും ദർശനപരമായ സമീപനത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ ജീവിതയാത്ര അനേകർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
1974 മേയ് 30ന് ചേർത്തല കടക്കരപ്പള്ളിയിൽ എം.കെ. മണിയൻ നായരുടെയും ജെ. ശാന്തമ്മയുടെയും മൂന്നാമത്തെ മകനായി ഹരികുമാർ ജനിച്ചു. ചേർത്തലയിലെ യുപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അച്ഛന്റെ ജോലി സ്ഥലമായ ഉദ്യോഗമണ്ഡലിൽ ഫാക്ട് ഹൈസ്കൂളിൽ പഠിച്ചു. സ്കൂൾ കാലഘട്ടത്തിൽ മികച്ച ക്രിക്കറ്റ് താരമായും സാഹിത്യ–സംഗീത മേഖലകളിൽ സജീവ സാന്നിധ്യമായും ശ്രദ്ധേയനായിരുന്നു. പത്ത് വർഷത്തോളം മൃദംഗം അഭ്യസിച്ച അദ്ദേഹം സംഗീതസദസ്സുകളിലും പങ്കെടുത്തിരുന്നു.
ചേർത്തലയിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് ട്രയോ ഫാർമ കമ്പനിയിൽ മെഡിക്കൽ റപ്രസന്റേറ്റീവായി ജോലി തുടങ്ങി. 1993ൽ ചേർത്തലയിൽ വച്ച് നവജ്യോതി ശ്രീ കരുണാകരഗുരുവിനെ കണ്ടുമുട്ടിയ നിമിഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായി. 19-ആം വയസ്സിൽ ഉണ്ടായ ആ അനുഭവം ആത്മീയ ദീപ്തിയുടെ തുടക്കമായി.
1997ൽ ശാന്തിഗിരിയിലെ മരുന്ന് വിതരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു. 1999 മേയ് 5ന് ഗുരുവിനൊപ്പം നടത്തിയ ദീർഘസംഭാഷണം അദ്ദേഹത്തിന്റെ ആത്മീയ ദർശനത്തെ കൂടുതൽ ആഴത്തിലാക്കി. ഭക്തി, ഭരണദർശനം, പ്രചാരം, വളർച്ച, സ്വപ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ആ സംഭാഷണത്തിന് പിന്നാലെ ഗുരു ആദി സങ്കൽപത്തിൽ ലയിച്ചു.
2001ൽ ഗുരുസന്നിധിയിൽ ദീക്ഷ സ്വീകരിച്ച് സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വിയായി രൂപാന്തരപ്പെട്ടു. ഗുരുസങ്കൽപത്തെ ജീവിതധർമ്മമായി ഏറ്റെടുത്ത അദ്ദേഹം ആശ്രമ പ്രവർത്തനങ്ങളെ ആത്മീയതയും മാനവികതയും ചേർത്ത് നയിച്ചു വരുന്നു. ബാല്യത്തിലേ വാനപ്രസ്ഥത്തിന്റെ ആത്മസങ്കൽപ്പം ഹൃദയത്തിൽ ഉൾക്കൊണ്ട ആത്മപരിണാമം അദ്ദേഹത്തിന്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നു.
താപസജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ തലശ്ശേരി ജനന്നാഥക്ഷേത്രത്തിൽ ക്ഷേത്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. മാർച്ച് 2ന് നടക്കുന്ന ചടങ്ങിൽ സ്വാമിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ഫെബ്രുവരി 28 മുതൽ മാർച്ച് 7 വരെ നടക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
മതനിരപേക്ഷ ആത്മീയതയും മാനവിക സ്നേഹവും സമന്വയിപ്പിച്ച് ശാന്തിയുടെ സന്ദേശം പകർന്നു വരുന്ന സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വിയുടെ താപസജീവിതത്തിന് കാൽനൂറ്റാണ്ട് തികയുന്നു
Advertisement
Advertisement
Advertisement