breaking news New

പതിറ്റാണ്ടുകളായി തുടരുന്ന ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ നിര്‍ണ്ണായകമായ പുതിയ അധ്യായം തുറക്കുന്നു : യാക്കോബായ സഭാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സഭാ തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി യാക്കോബായ സഭാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. നാളെ ഉച്ചയ്ക്ക് 12:15-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഈ സുപ്രധാന ചര്‍ച്ച നടക്കുന്നത്

നിലവില്‍ വിദേശത്തുള്ള പാത്രിയാര്‍ക്കീസ് ബാവ ഇന്ന് രാത്രിയോടെ ഡല്‍ഹിയില്‍ എത്തും. ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രധാനമന്ത്രിയും ഇന്ന് രാത്രി ഡല്‍ഹിയില്‍ തിരിച്ചെത്തും. പ്രധാനമന്ത്രിക്കും ബാവയ്ക്കും പുറമെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് എന്നിവരും ഈ ചര്‍ച്ചയില്‍ പങ്കുചേരും.

സാബു എം. ജേക്കബിന്റെ മധ്യസ്ഥതയിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. സഭാ തര്‍ക്കം എന്നന്നേക്കുമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കഴിഞ്ഞ ദിവസം കോട്ടയം ദേവലോകം അരമനയിലെത്തി ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി.

പരസ്പര സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളാണെന്ന് തെളിയിക്കാനുള്ള വലിയൊരു അവസരമാണിതെന്നാണ് യാക്കോബായ സഭാദ്ധ്യക്ഷന്റെ നിലപാട്. കോടതി വിധികള്‍ക്കപ്പുറം, ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രത്യാശയിലാണ് വിശ്വാസികള്‍.

2017-ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ നടപടികളുണ്ടായതും, പള്ളികള്‍ വിട്ടുകൊടുക്കേണ്ടി വന്നതും വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ചില നിര്‍ണ്ണായകമായ വിധികള്‍ വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ അടിയന്തര ഇടപെടല്‍.

സഭാ തര്‍ക്കം എന്നന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t