ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്‌പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ. ഗണേശ് കുമാർ നിർവഹിക്കും.
കൊച്ചിയിലെ കായൽ വിനോദസഞ്ചാരത്തിന് കരുത്തേകിയ രാജ്യത്തെ ആദ്യ സോളാർ ക്രൂയിസ് ബോട്ടായ ‘ഇന്ദ്ര’യാണ് കുട്ടനാടൻ സഫാരിക്കായി സർവീസ് നടത്തുന്നത്. 3.7 കോടി രൂപ ചെലവിൽ കറ്റാമറൈൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഇന്ദ്ര, ശബ്ദ-വായു മലിനീകരണമില്ലാതെ നൂറുപേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ടാണ്.
എയർ കണ്ടീഷൻ ചെയ്ത താഴത്തെ നിലയും കായൽക്കാഴ്ചകൾ നേരിട്ട് ആസ്വദിക്കാൻ ഭാഗികമായി തുറന്ന മുകൾ നിലയും ഇന്ദ്രയുടെ പ്രത്യേകതയാണ്. 24 മീറ്റർ നീളമുള്ള ഈ സോളാർ ബോട്ടിൽ മഴക്കാലത്ത് സർവീസ് നടത്താനായി ചാർജിംഗ് സൗകര്യമുള്ള രണ്ട് കരുത്തുറ്റ ബാറ്ററികളും സജ്ജീകരിച്ചിട്ടുണ്ട്.
അറബ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിയുടെ മാതൃകയിൽ ഒരുക്കിയിട്ടുള്ള ഈ പാക്കേജിൽ കുട്ടനാടൻ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. രാവിലെ 10-ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 6-ന് അവസാനിക്കുന്ന യാത്രയിൽ കുട്ടനാടിന്റെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ പ്രദർശനവും ഓല മെടയൽ, കയർപിരി തുടങ്ങിയ തൊഴിലുകൾ നേരിട്ട് കാണാനുള്ള അവസരവുമുണ്ടാകും.
സി ബ്ലോക്കിലെ ചുണ്ടൻവള്ളങ്ങളും ആർ ബ്ലോക്കിലെ പ്രശസ്തമായ കള്ളുഷാപ്പുകളിലെ ഭക്ഷണവും യാത്രയുടെ ഭാഗമാണ്. പദ്ധതിയുടെ പ്രധാന ആകർഷണമായ പാതിരാമണൽ ദ്വീപിൽ പുല്ലും മുളയും ഉപയോഗിച്ച് നിർമ്മിച്ച ആംഫി തിയേറ്ററിൽ കളരിപ്പയറ്റ്, ഗരുഡൻ പയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും.
വേലകളി, കുത്തിയോട്ടം തുടങ്ങിയ നാടൻ കലകളുടെ ചരിത്രവും ആലപ്പുഴയുടെ പാരമ്പര്യവും യാത്രയ്ക്കിടെ സഞ്ചാരികൾക്ക് പകർന്നുനൽകും. ഒരാൾക്ക് 1000 രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ പാക്കേജ് കേരളത്തിന്റെ ജലസഞ്ചാര മേഖലയിൽ പുതിയൊരു അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുട്ടനാടിന്റെ കായൽ സൗന്ദര്യവും തനത് സംസ്കാരവും സഞ്ചാരികൾക്ക് മുന്നിലെത്തിക്കുന്ന ജലഗതാഗത വകുപ്പിന്റെ ‘കുട്ടനാടൻ സഫാരി’ പാക്കേജ് ഇന്ന് മുതൽ ആരംഭിക്കുന്നു
Advertisement
Advertisement
Advertisement