ഇതിനായി നിരവധി പദ്ധതികളാണ് മന്ത്രാലയം മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമായും ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്ലറ്റുകളും ഇനി മുതൽ ഓരോ ഒന്ന് മുതൽ ഒന്നര മണിക്കൂർ ഇടവേളകളിൽ വൃത്തിയാക്കും. നിലവിൽ ഇത്തരം കോച്ചുകളിൽ പരാതി ലഭിച്ചാൽ മാത്രമാണ് ശുചീകരണം നടക്കാറുള്ളത്.
ആദ്യഘട്ടത്തിൽ വിവിധ റെയിൽവേ സോണുകളിലായി തിരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കും. കൂടാതെ ഓരോ ട്രെയിനിലും ഇതിനായി പ്രത്യേക ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവർക്ക് അതത് ഇടവേളകളിൽ വൃത്തിയാക്കാനാവശ്യമായ ഹൈ പ്രഷർ ജെറ്റ് മെഷീനുകളും മറ്റ് ആധുനിക ഉപകരണങ്ങളും നൽകും.
ഇതിനു പുറമെ ട്രെയിനുകളിലെ ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയുടെ വിതരണവും ശുചീകരണവും ഇനി മുതൽ ഒരു സിംഗിൾ ഏജൻസിക്ക് കീഴിലാക്കും. ഇത് സേവനങ്ങളുടെ ഉത്തരവാദിത്തവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കും. സാങ്കേതിക നിരീക്ഷണ കാര്യത്തിലും റെയിൽവെ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള നിരീക്ഷണം ഏർപ്പെടുത്തും. വൃത്തിയാക്കിയ ശേഷമുള്ള ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്ത് ഗുണനിലവാരം ഉറപ്പാക്കും.
കൂടാതെ ശുചീകരണത്തിനായി റെയിൽവേ കൂടുതൽ തുക ചിലവഴിക്കുമെങ്കിലും യാത്രക്കാരിൽ നിന്ന് ഇതിനായി പ്രത്യേക നിരക്ക് ഈടാക്കില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ടോയ്ലറ്റുകൾക്ക് പുറമെ വാഷ് ബേസിനുകൾ, ഗാർബേജ് ബിന്നുകൾ, കോച്ചിന്റെ ഉൾഭാഗം എന്നിവയും ഈ സമയക്രമം പാലിച്ച് വൃത്തിയാക്കും. കൂടാതെ ലൈറ്റുകൾ പോലുള്ള ചെറിയ സാങ്കേതിക തകരാറുകൾ യാത്രയ്‌ക്കിടയിൽ തന്നെ പരിഹരിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമാണ്.
ട്രെയിനുകളിലെ ജനറൽ കോച്ചുകളിലും ശുചിമുറികളിലും ശുചിത്വം ഉറപ്പാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു
Advertisement
Advertisement
Advertisement