വായ്പ തിരിച്ചുപിടിക്കുന്നതിലെ മോശം പ്രവണത തടയുന്നതിനും വായ്പ എടുത്തവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആർബിഐ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. കൊമേഴ്സ്യൽ ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസ് കന്പനികൾക്കും റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് ആർബിഐ നൽകിയിരിക്കുന്നത്. ആർബിഐയുടെ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിർദേശങ്ങൾ എല്ലാ വാണിജ്യ ബാങ്കുകൾക്കും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ബാധകമാണ്.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പണമെടുക്കുന്നവരെയോ ഗ്യാരന്ററെയോ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. രാത്രികാലങ്ങളിൽ റിക്കവറി വിളികൾ നടത്തുന്നത് പൂർണമായും നിരോധിച്ചു. വായ്പ എടുത്ത വ്യക്തിയുമായി ഏജന്റ് നടത്തുന്ന എല്ലാ ഫോണ് സംഭഷണങ്ങളും രേഖപ്പെടുത്തുകയും റിക്കാർഡ് ചെയ്യുകയും വേണം. കുടുംബത്തിലെ മരണം, സമാനമായ മറ്റ് ദുരന്തങ്ങൾ, കല്യാണം, ഉത്സവങ്ങൾ തുടങ്ങിയ അനുചിതമായ സന്ദർഭങ്ങളിൽ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്തരുത്. പണമെടുക്കുന്നയാൾ ആവശ്യപ്പെടുന്ന സ്ഥലത്തോ അല്ലെങ്കിൽ അവരുടെ വീട്ടിലോ ജോലിസ്ഥലത്തോ മാത്രമേ ഏജന്റിന് വരാൻ അനുവാദമുള്ളൂ.
റിക്കവറി ഏജന്റുമാർ പണമെടുക്കുന്നയാളോടോ ഗ്യാരന്ററോടോ മാത്രമേ സംസാരിക്കാവൂ. അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ബന്ധപ്പെടുന്നത് ആർബിഐ കർശനമായി വിലക്കി. പരസ്യമായി അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, കുടിശിക തുകയെക്കുറിച്ചോ നിയമനടപടികളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കൽ എന്നിവയും വിലക്കി.
ബാങ്ക് ജീവനക്കാരോ റിക്കവറി ഏജന്റുമാരോ വായ്പ എടുത്ത വ്യക്തിയോട് മാന്യമായും ആദരവോടും കൂടിയേ ഇടപെടാവൂ. അസഭ്യമായ ഭാഷ ഉപയോഗിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ഫോണിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അനുചിയതമായ സന്ദേശങ്ങൾ അയയ്ക്കയോ പാടില്ല.
ബാങ്കുകൾ നിയോഗിക്കുന്ന ഏജന്റുമാർക്ക് നിർബന്ധിത സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. റിക്കവറി ഏജന്റുമാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽനിന്ന് വായ്പ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം നേടണം. ബാങ്ക് ഒൗദ്യോഗികമായി അധികാരപ്പെടുത്തിയ വ്യക്തികൾക്ക് മാത്രമേ വായ്പക്കാരെ സമീപിക്കാൻ അനുവാദമുള്ളൂ.
പണം കൈപ്പറ്റുന്പോൾ ഉടൻതന്നെ ബാങ്ക് ജീവനക്കാരനോ ഏജന്റോ രസീത് നൽകണം. കൂടാതെ, റിക്കവറി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ബാങ്കുകൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും അതിന്റെ വിവരങ്ങൾ വായ്പാ കരാറിൽ ഉൾപ്പെടുത്തണമെന്നും ആർബിഐ നിർദേശിക്കുന്നു.
ബാങ്കുകൾ അവരുടെ ബ്രാഞ്ചുകളിലും വെബ്സൈറ്റുകളിലും ആപ്പുകളിലും എംപാനൽ ചെയ്ത റിക്കവറി ഏജന്റുമാരുടെ പട്ടിക പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റ് വായ്പക്കാരനെ സമീപിക്കും മുന്പ് ആ ഏജന്റിന്റെ പേരും വിവരങ്ങളും ബാങ്ക് രേഖാമൂലം നൽകണം. വായ്പ എടുത്ത വ്യക്തി ഒരു പരാതി നൽകിയിട്ടുണ്ടെങ്കിൽ ആ പരാതിയിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ വായ്പയുമായി ബന്ധപ്പെട്ട റിക്കവറി നടപടികൾ ജീവനക്കാരനോ ഏജന്റിനോ കൈമാറാൻ പാടില്ല. എന്നാൽ, വായ്പാ തിരിച്ചടവ് ഒഴിവാക്കുന്നതിനായിട്ടാണ് പരാതിയെന്ന് ബാങ്കിന് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ പരാതി നിലനിൽക്കുന്പോഴും ബാങ്കുകൾക്ക് റിക്കവറി നടപടികളുമായി മുന്നോട്ടു പോകാം.
വായ്പയെടുത്തവർക്ക് ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ നിയമങ്ങൾ പുറപ്പെടുവിച്ചു
Advertisement
Advertisement
Advertisement