breaking news New

സേവിങ്സ്, കറന്റ് അക്കൗണ്ടുകളില്‍ മിനിമം ആവറേജ് ബാലന്‍സ് അഥവാ എംഎബി പാലിക്കാത്ത ഉപഭോക്താക്കളില്‍നിന്ന് 2024-25 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 4,818 കോടിരൂപ !!!

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മിനിമം ബാലന്‍സ് കൊള്ള ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വലിയ പിഴത്തുകയുടെ കാര്യമുള്ളത്. പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ബിജെപി എംപി ചന്ദ്രപ്രകാശ് ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ മിനിമം ബാലന്‍സ് പാലിക്കാത്തതിന് ചുമത്തുന്ന പിഴ മിക്കപ്പോഴും വളരെ ഉയര്‍ന്നതാണെന്നും ഇത് അക്കൗണ്ട് ഉടമകള്‍ക്കുമേല്‍, പ്രത്യേകിച്ച് സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കുമേല്‍ അനാവശ്യ സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുമെന്നും വിലയിരുത്തുന്നുണ്ട്. അക്കൗണ്ട് ഉടമകള്‍ മിനിമം ബാലന്‍സ് പാലിക്കുന്നപക്ഷം പ്രതിവര്‍ഷം അവര്‍ക്ക് സേവിങ്സ് അക്കൗണ്ട്സിനുമേല്‍ 2.5 ശതമാനം മുതല്‍ നാല് ശതമാനംവരെയാണ് പലിശ ലഭിക്കുക. ചില ബാങ്കുകള്‍ ആറു മുതല്‍ ഏഴുശതമാനം വരെ പലിശ നല്‍കുന്നുണ്ട്.

മിനിമം ബാലന്‍സ് പാലിക്കാതെ വരുമ്പോള്‍, എംഎബി പാലിച്ചാല്‍ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള പലിശയുടെ 15-20 ഇരട്ടിവരെ പിഴയായി ചുമത്തപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ മിനിമം ബാലന്‍സ് പാലിക്കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ ചുമത്തിയത് 2,045.7 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനം കുറവാണിത്. സ്വകാര്യബാങ്കുകളാകട്ടെ 2024-25 സാമ്പത്തികവര്‍ഷം ഈടാക്കിയത് 2,772.2 കോടിരൂപയാണ്.

സേവിങ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പാലിക്കാത്ത ഉപഭോക്താക്കള്‍ക്കുമേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതിന് പകരം, റിവാര്‍ഡ് പോയിന്റുകള്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കി ഉയര്‍ന്ന തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t