ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ടെലികോം വകുപ്പ് നിര്‍ണ്ണായകമായ ഈ നിലപാട് വ്യക്തമാക്കിയത്.
വാട്സാപ്പ് പോലുള്ള ആപ്പുകള്‍ ഫോണില്‍ ലഭ്യമാക്കാന്‍ സിം കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിലൂടെ വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. നിലവില്‍ സിം കാര്‍ഡുകള്‍ ഇല്ലാതെയും വൈഫൈ വഴിയും അന്താരാഷ്ട്ര നമ്പറുകള്‍ വഴിയും വാട്സാപ്പ് ഉപയോഗിക്കുന്ന പഴുതുകള്‍ ഇതോടെ അടയും. കൂടാതെ, സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത പരിശോധനകള്‍ ഉറപ്പാക്കാനുള്ള പുതിയ ചട്ടങ്ങളും കേന്ദ്രം കൊണ്ടുവരും.
2021 ഏപ്രില്‍ മുതല്‍ 2025 നവംബര്‍ വരെയുള്ള കണക്കുകള്‍ കേട്ടപ്പോള്‍ കോടതിയും അമ്പരന്നു. ഈ കാലയളവിനുള്ളില്‍ മാത്രം രാജ്യത്ത് 52,000 കോടിയിലധികം രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പാണ് നടന്നത്. റിസര്‍വ് ബാങ്കും ടെലികോം വകുപ്പും ചേര്‍ന്ന് ഈ തട്ടിപ്പുകള്‍ തടയാനുള്ള ശക്തമായ നടപടിക്രമങ്ങള്‍ ഉടന്‍ തയ്യാറാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അസ്വാഭാവികമായി അക്കൗണ്ടുകളില്‍ നിന്ന് വലിയ തുകകള്‍ പിന്‍വലിക്കുമ്പോള്‍ ഉടന്‍ തന്നെ അക്കൗണ്ട് ഉടമയെ വിവരം അറിയിക്കാനുള്ള സംവിധാനം ബാങ്കുകള്‍ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തില്‍ ഒരു ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. വ്യാജ പോലീസ് ഉദ്യോഗസ്ഥരെന്നും സിബിഐ ഓഫീസര്‍മാരെന്നും ചമഞ്ഞ് വീഡിയോ കോളുകളിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന 'ഡിജിറ്റല്‍ അറസ്റ്റ്' എന്ന വിപത്ത് പൂര്‍ണ്ണമായും തുടച്ചുനീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളിലൊന്നായ 'ഡിജിറ്റല്‍ അറസ്റ്റി'ന് കടുത്ത പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
Advertisement
Advertisement
Advertisement