കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തില്‍ നിന്നാണ് പൂര്‍വ്വികര്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിധി ലഭിച്ചത്. ഏകദേശം 60 മുതല്‍ 70 ലക്ഷം രൂപ വരെ വിപണി മൂല്യം കണക്കാക്കുന്ന 22 സ്വര്‍ണ്ണ ഇനങ്ങളാണ് ഒരു ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രജ്വല്‍ എന്ന എട്ടാം ക്ലാസുകാരന്റെ ഇടപെടലാണ് മണ്ണിനടിയില്‍ കിടന്ന നിധി കണ്ടെത്താന്‍ സഹായകമായത്.
മണ്ണുമാറ്റുന്നതിനിടെ പാത്രം ആദ്യം കണ്ടത് പ്രജ്വലായിരുന്നു. സംശയം തോന്നിയ കുട്ടി വിവരം ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമവാസികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഗദഗ് എസ്.പി രോഹന്‍ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഭരണങ്ങള്‍ പരിശോധിച്ചു. ഏകദേശം 470 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തതെന്നും ഇവ സര്‍ക്കാര്‍ കസ്റ്റഡിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
അതേസമയം, കണ്ടെത്തിയ സ്വര്‍ണ്ണം സാങ്കേതികമായി നിധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംശയമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാല്‍ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാല്‍, പൂര്‍വ്വികര്‍ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാന്‍ അടുക്കള ഭാഗത്തെ തറയ്ക്കടിയില്‍ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തില്‍ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെത്തിയ ആഭരണങ്ങളില്‍ പലതും പൊട്ടിയ നിലയിലായതും ഇതിനെ 'നിധി' വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി. പുരാതനമായ സ്വര്‍ണ്ണ നാണയങ്ങളോ ചരിത്രരേഖകളോ ഇതിനൊപ്പം ഇല്ലാത്തതിനാല്‍ ഇവയുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്.
വീടുപണിയാന്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിനടിയില്‍ നിന്നും കിട്ടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം
Advertisement
Advertisement
Advertisement