breaking news New

ആറ് വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ജനിതക മാറ്റത്തിലൂടെ മുള്ളില്ലാത്ത കാർപ് മത്സ്യത്തെ വികസിപ്പിച്ച് ചൈന

കാർപ് മത്സ്യങ്ങളിലെ അപകടകരമായ ചെറുമുള്ളുകൾ ഒഴിവാക്കി ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. പ്രമുഖ ഗവേഷകൻ ഗൂയി ജിയാൻഫാംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 'സോംഗ്കെ നമ്പർ 6' എന്ന് പേരിട്ട ജിബെൽ കാർപ് ഇനത്തെ വിജയകരമായി സൃഷ്ടിച്ചത്.

ചൈനയിലെ ശുദ്ധജല മത്സ്യങ്ങളിൽ ഏറെ പ്രചാരമുള്ള കാർപ് ഇനത്തെ പാകം ചെയ്ത് കഴിക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അതിലെ ഇൻ്റർ മസ്കുലാർ ബോൺസ് അഥവാ ചെറുമുള്ളുകൾ. ശ്രദ്ധയോടെ കഴിച്ചില്ലെങ്കിൽ തൊണ്ടയിൽ കുടുങ്ങി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഇവ സാധാരണ കാർപ് മത്സ്യങ്ങളിൽ 80-ൽ അധികം കാണപ്പെടാറുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ് "പ്രിസിഷൻ സീഡ് ഡിസൈൻ ആൻഡ് ക്രിയേഷൻ" എന്ന പദ്ധതിയുടെ ഭാഗമായി ഈ പഠനം നടത്തിയത്.

മത്സ്യങ്ങളിലെ ചെറുമുള്ളുകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ജീൻ തിരിച്ചറിഞ്ഞാണ് ഗവേഷകർ ഈ പുതിയ ഇനം മത്സ്യത്തെ വികസിപ്പിച്ചത്. അതിസങ്കീർണ്ണമായ ജനിതക മാപ്പിംഗിലൂടെ 'വൈ' അക്ഷരത്തിന് സമാനമായ മുള്ളുകളുടെ വളർച്ചയ്ക്ക് പിന്നിൽ ആർയുഎൻഎക്സ്2ബി (RUNX2B) എന്ന ജീനാണെന്ന് കണ്ടെത്തി. തുടർന്ന്, ഭ്രൂണാവസ്ഥയിൽ തന്നെ ഈ ജീനിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട്, പ്രധാന അസ്ഥികൂടത്തിന് സാധാരണ രീതിയിൽ വളരാൻ അനുവദിക്കുകയും ഇൻ്റർ മസ്കുലാർ ബോൺസിന്റെ വളർച്ച പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു.

പുതിയ മുള്ളില്ലാത്ത കാർപ് മത്സ്യം കുറഞ്ഞ തീറ്റയിൽ കൂടുതൽ വിളവ് നൽകുമെന്നും, ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് ഏറെ സഹായകമാകുമെന്നും ചൈനീസ് അക്കാദമി ഓഫ് സയൻസ് അവകാശപ്പെടുന്നു. ഈ കണ്ടുപിടിത്തം മത്സ്യ ഉപഭോഗം കൂടുതൽ സുരക്ഷിതമാക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾക്ക് വലിയ സംഭാവന നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t