breaking news New

ട്രെയിന്‍ യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഈ മാസം നടക്കും

അത്യാധുനിക സുരക്ഷ സംവിധാനങ്ങളും സൗകര്യങ്ങളും ഒത്തുചേരുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് ന്യൂദല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കാണ്. ഡിസംബര്‍ അവസാന ആഴ്ച സര്‍വീസിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്രെയിനിന്റെ പരീക്ഷണയോട്ടം തുടങ്ങി. ഇതിനായി ട്രെയിന്‍ നിര്‍മിച്ച പൊതുമേഖല സ്ഥാപനമായ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെല്‍) രണ്ട് ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് കൈമാറി. 16 കോച്ചുകളുള്ളതാണ് ഈ ട്രെയിന്‍. റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരീക്ഷണയോട്ടം വിജയിച്ചാല്‍ ഡിസംബര്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

പാറ്റ്‌നയ്‌ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സ്ലീപ്പര്‍ വന്ദേഭാരത് ഒരു വലിയ മാറ്റമാണ് ഉണ്ടാക്കുക. രാത്രി യാത്രയിലെ സമയം ലാഭിക്കാന്‍ കഴിയും.

ഓട്ടോമാറ്റിക് ഡോറുകള്‍, സിസിടിവികള്‍, ഓരോ ബെര്‍ത്തിലും പ്രത്യേക ലൈറ്റുകള്‍, കവച്ച് സംവിധാനം തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം ഒത്തുചേരുന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. 160 മുതല്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഈ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

ഓരോ ട്രെയിനിനും 16 കോച്ചുകളാണുള്ളത്. ഇതിലെല്ലാം കൂടി 827 പേര്‍ക്ക് യാത്ര ചെയ്യാം. 11 തേര്‍ഡ് എസി കോച്ചുകളില്‍ 611 ബെര്‍ത്തുകളാണുള്ളത്. 4 സെക്കന്‍ഡ് എസി കോച്ചുകളില്‍ 188 ബെര്‍ത്തുകളും. ഒരു ഫസ്റ്റ് എസി കോച്ചില്‍ 24 ബെര്‍ത്തും ഉണ്ട്.

ഓരോ കോച്ചിലും ജിപിഎസ്-പ്രാപ്തമാക്കിയ എല്‍ഇഡി ഡിസ്പ്ലേകളും പ്രത്യേക വായനാ ലൈറ്റുകളും ഉള്‍പ്പെടുത്തും. ടോയ്ലറ്റുകള്‍, ബെര്‍ത്തുകള്‍ തുടങ്ങിയവ അത്യാധുനിക സൗകര്യങ്ങളോടെ രൂപകല്‍പ്പന ചെയ്തവ ആയിരിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള ആളുകള്‍ക്ക് ബെര്‍ത്തുകള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും. ഓണ്‍ബോര്‍ഡ് കാറ്ററിംഗ് സേവനങ്ങള്‍ക്കായി മോഡുലാര്‍ പാന്‍ട്രി ട്രെയിനില്‍ ഉണ്ടാകും.

ടിറ്റാഗര്‍ റെയില്‍ സിസ്റ്റവും (TRS) ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെയും (BHEL) കണ്‍സോര്‍ഷ്യം ആണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കരാര്‍ അനുസരിച്ച് ആറു വര്‍ഷത്തിനുള്ളില്‍ 80 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കൈമാറാനാണ് വ്യവസ്ഥയുള്ളത്.

ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ ട്രെയിന്‍ ഓടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി.

സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന തുക ഈടാക്കുമെന്നാണ് കരുതുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t