breaking news New

പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ ഏഴ് മിനുട്ടുവരെ മാത്രം നീണ്ടു നിന്ന കവര്‍ച്ചയില്‍ കവര്‍ന്നത് എട്ട് അമൂല്യങ്ങളായ ആഭരണങ്ങള്‍ !!

വിലമതിക്കാന്‍ കഴിയാത്ത വിധം മൂല്യമുള്ള ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 9.30നും 9.40നും ഇടയില്‍ മ്യൂസിയം തുറന്ന് ഏകദേശം 30 മിനിറ്റിനുള്ളിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.

തൊഴിലാളികളുടെ വേഷം ധരിച്ച നാല് പേരാണ് അതിവിദഗ്ദ്ധമായ ഈ മോഷണത്തിന് പിന്നില്‍. മോഷണത്തിന് ശേഷം മോഷ്ടാക്കള്‍ സ്‌കൂട്ടറുകളില്‍ അതിവേഗം രക്ഷപ്പെട്ടു. മോഷണം പോയ എട്ട് ആഭരണങ്ങളില്‍ ഫ്രഞ്ച് രാജ്ഞികളോടും ചക്രവര്‍ത്തിനിമാരോടും ബന്ധമുള്ളവ ഉള്‍പ്പെടുന്നു.

19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജ്ഞികളായ മേരി-അമേലി, ഹോര്‍ട്ടന്‍സ് എന്നിവരുമായി ബന്ധപ്പെട്ട നീല വജ്രകിരീടം, നെക്ലേസ്, ഒരു കമ്മല്‍ എന്നിവ ഉള്‍പ്പെടുന്ന സെറ്റ്. നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ രണ്ടാം ഭാര്യയായ ചക്രവര്‍ത്തിനി മേരി-ലൂയിസിന്റെ എമറാള്‍ഡ് നെക്ലേസും കമ്മലും. ചക്രവര്‍ത്തിനി യൂജെനിയുടെ ടിയാര, ചക്രവര്‍ത്തിനി യൂജെനിയുടെ വലിയ കോര്‍സേജ്-ബോ ബ്രൂച്ച് എന്നിവയും മോഷണം പോയവയില്‍ ഉള്‍പ്പെടും.

നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യയായ ചക്രവര്‍ത്തിനി യൂജെനിയുടെ കിരീടം മോഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഗാര്‍ഡുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഉപേക്ഷിച്ചു. 1,354 വജ്രങ്ങള്‍ പതിച്ച ഈ കിരീടം മ്യൂസിയത്തിന് പുറത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തി.

പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതി പറഞ്ഞു. സംഭവസ്ഥലത്തും സമീപ പ്രദേശങ്ങളിലും ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മോഷ്ടാക്കള്‍ക്ക് അകത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ജീവനക്കാരെ ചോദ്യം ചെയ്തും അധികൃതര്‍ അന്വേഷിക്കുന്നു മോഷ്ടാക്കള്‍ രത്‌നങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ അവ പുതിയ രീതിയില്‍ കട്ട് ചെയ്തെടുക്കുവാൻ സാധ്യതയുണ്ടെന്നും അതിനാല്‍ ആഭരണങ്ങള്‍ വീണ്ടെടുക്കാന്‍ പ്രയാസമായിരിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ ഫോറന്‍സിക് സംഘങ്ങള്‍ മോഷണം നടന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള പ്രവേശന കവാടങ്ങളിലും പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മോഷണം പോയ വസ്തുക്കളുടെ പൂര്‍ണ്ണമായ കണക്കെടുപ്പും തുടര്‍ന്നു വരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t