breaking news New

ലോകപ്രശസ്തമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടന്നതായി റിപ്പോർട്ട്

ഞായറാഴ്ച രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. ഇതോടെ മ്യൂസിയം അടച്ചിട്ടതായി ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രി റാഷിദ ദാറ്റി സ്ഥിരീകരിച്ചു. എന്താണ് മോഷണം പോയതെന്നോ കവർച്ച എങ്ങനെ നടന്നെന്നോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജനാലകൾ തകർത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കൾ ആഭരണങ്ങൾ ഉൾപ്പെടെ ഒമ്പതിനം അമൂല്യ വസ്തുക്കൾ കവർന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പോലീസും മ്യൂസിയം ഉദ്യോഗസ്ഥരും നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

മ്യൂസിയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മറയാക്കിയാണ് മോഷണം എന്നാണ് റിപ്പോർട്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി മ്യൂസിയത്തോട് ചേർന്നു നിർമ്മിച്ച ലിഫ്റ്റ് വഴിയാണ് മോഷ്ടാക്കൾ അകത്തുകയറിയത് എന്ന് പാരീസിലെ പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ആഭരണങ്ങൾ കൈക്കലാക്കിയ മോഷ്ടാക്കൾ സ്‌കൂട്ടറിൽ ആണ് രക്ഷപ്പെട്ടത് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.

രാവിലെ ലൂവ്രെ മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു മുഖംമൂടി ധരിച്ച മൂന്ന് പേർ ആയുധങ്ങളുമായി കെട്ടിടത്തിന് അകത്ത് കയറിയത്. സീൻ നദിയുടെ അരികിലുള്ള അപ്പോളോ ഗാലറിയിലേക്കായിരുന്നു മോഷ്ടാക്കൾ പ്രവേശിച്ചത്. അമൂല്യമായ ഒമ്പത് ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നതായാണ് പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം വിലയിരുത്തിയിട്ടില്ല.

കലയുടെയും ചരിത്രത്തിന്റെയും വലിയ ശേഖരത്തിന് പേരുകേട്ട ലൂവ്രെ മ്യൂസിയം കഴിഞ്ഞ വർഷങ്ങളിലും നിരവധി മോഷണങ്ങൾക്കും നഷ്ടങ്ങൾക്കും ആക്രമണങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന് 1911-ലെ മോണാലിസ മോഷണമാണ്. 1911 ഓഗസ്റ്റ് 21-ന്, മ്യൂസിയം തൊഴിലാളിയായി വേഷമിട്ട ഇറ്റാലിയൻ ജോലിക്കാരനായ വിൻസെൻസോ പെറുഗ്ഗിയ ലിയനാർഡോ ഡാ വിഞ്ചിയുടെ ഈ വിഖ്യാത ചിത്രം മോഷ്ടിച്ചു. രാത്രിയിൽ മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരുന്ന ഇയാൾ അടുത്ത ദിവസം രാവിലെയാണ് ചിത്രം കടത്തിക്കൊണ്ടുപോയത്. മോഷണം നടന്നത് അടുത്ത ദിവസം മാത്രമാണ് അധികൃതർ അറിഞ്ഞത്. 1913-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ചിത്രം വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോണാലിസ കണ്ടെത്തുകയും വീണ്ടെടുക്കുകയും ചെയ്തു.

മോണാലിസ ചിത്രത്തിന് നേരെ പലതവണ ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t