സാധാരണ രീതിയില്‍ അസ്വസ്ഥതയുളവാക്കുന്ന ഉള്ളടക്കങ്ങള്‍ കാണണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാനോ അല്ലെങ്കില്‍ അത്തരം ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനോ ഉള്ള അവസരമാണ് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്. പ്രത്യേകിച്ചും പെട്ടെന്ന് അസ്വസ്ഥമാകുന്ന മാനസികാവസ്ഥയുള്ളവരില്‍ അല്ലെങ്കില്‍ ട്രോമയോ പിടിഎഡ്ഡി ലക്ഷണങ്ങളോ ഉള്ളവര്‍ക്കുവേണ്ടിയാണിത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍, ഇത്തരം കണ്ടന്റുകള് ഉപയോക്താക്കള്‍ ഒഴിവാക്കാനുള്ള സാധ്യത കുറച്ചില്ലെന്നും മറിച്ച് അവ എന്താണെന്നറിയാന്‍ കൂടുതല്‍ ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്തുവെന്നാണ് പഠനം പറയുന്നത്. ഒരുപക്ഷേ ഈ മുന്നറിയിപ്പ് ഇല്ലെങ്കില്‍ ആളുകള്‍ ഒഴിവാക്കുമായിരുന്ന കണ്ടന്റുകള്‍ ഇത് നല്‍കുന്ന ക്യൂരിയോസിറ്റി ഒന്നുകൊണ്ടു മാത്രം കൂടുതല്‍ പേര്‍ കാണുകയാണ്.
17 നും 25 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഒരാഴ്ച തങ്ങളുടെ സോഷ്യല്‍ വാളുകളില്‍ എത്ര ട്രിഗര്‍ മുന്നറിയിപ്പുകള്‍, എപ്പോള്‍ ലഭിച്ചുവെന്നും അവര്‍ ആ മുന്നറിയിപ്പ് അവഗണിച്ച് ഉള്ളടക്കങ്ങള്‍ കണ്ടോ അല്ലെങ്കില്‍ മുന്നറിയിപ്പ് കാരണം അവ ഒഴിവാക്കിയോ എന്ന് ഒരു ഡയറിയില്‍ എഴുതി സൂക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രിഗര്‍ മുന്നറിയിപ്പുകള്‍ പലര്‍ക്കും ‘വിലക്കപ്പെട്ട’ എന്തോ ഒന്ന് കാണാനുള്ള ജിജ്ഞാസ വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്.
അതായത് ഇത് പലപ്പോഴും കൂടുതല്‍ പ്രലോഭനകരമാകുന്നു. ഉദാഹരണത്തിന്, ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന്റെ ക്ലിപ്പുകള്‍ ട്രിഗര്‍ മുന്നറിയിപ്പുണ്ടായിട്ടും നിരവധിപേരാണ് കണ്ടത്. ട്രിഗര്‍ മുന്നറിയിപ്പ് കാണുന്ന യുവജനങ്ങളില്‍ ഏകദേശം 90 ശതമാനവും അത് പരിഗണിക്കാതെ ആകാംഷ കൊണ്ട് ഉള്ളടക്കം കാണുകയാണ്. ഇത്തരം ട്രിഗര്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷത്തില്‍ ദോഷകരമല്ലായിരിക്കാം, പക്ഷേ അവ നമ്മള്‍ കരുതുന്ന രീതിയില്‍ സഹായിക്കുന്നില്ല എന്നാണ് പഠനം സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനായുള്ള കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് അഡ് ലെയ്ഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്രയായ അധ്യാപിക പറയുന്നത്.
സാധാരണഗതിയില്‍ ഒരു ദിവസം നമ്മുടെ ഫീഡിലേക്ക് എത്തുന്ന വിവരങ്ങളില്‍ നെഗറ്റീവ് അല്ലെങ്കില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വിവരങ്ങള്‍ അവയ്ക്ക് നല്‍കിയ ട്രിഗര്‍ വാണിങുകള്‍ കാരണം വേറിട്ടുനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്നറിയിപ്പുകളുണ്ടായിട്ടും മിക്ക വ്യക്തികളും ഉള്ളടക്കം തുറക്കുന്നു. പെട്ടെന്ന് അസ്വസ്ഥമാകുന്ന മാനസികാവസ്ഥയുള്ളവര്‍ പോലും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നുണ്ടെങ്കില് അതിനുള്ള കാരണം നാം പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്നുമാണ് വിക്ടോറിയ ബ്രിഡ്ജ്‌ലാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
ഓണ്‍ലൈനില്‍ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനായുള്ള ബദല്‍ സമീപനങ്ങള്‍ ആവശ്യമാണെന്നും പഠനം ആവശ്യപ്പെടുന്നുണ്ട്. ജേണല്‍ ഓഫ് ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്‌സ്പിരിമെന്റല്‍ സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ വീഡിയോകള്‍ കാണുമ്പോഴോ പോസ്റ്റുകള്‍ കാണുമ്പോഴോ ഇടയ്‌ക്കെങ്കിലും സെന്‍സിറ്റീവ് കണ്ടന്റ് വാര്‍ണിങ് വരാറുണ്ട് : മുന്നറിയിപ്പ് വന്നാല്‍ അത് കാണാനുള്ള ആഗ്രഹവും കൂടും : എന്താണ് എന്ന് അറിയാനുള്ള ആകാംഷയാണ് : പഠനങ്ങൾ പറയുന്നത് ഇങ്ങനെ ...
Advertisement

Advertisement

Advertisement

