തീ ആളിപ്പടരുകയും വൻതോതിൽ പുക വ്യാപിക്കുകയും ചെയ്തതോടെ അടിയന്തരമായി വിമാന സർവീസുകളെല്ലാം നിർത്തി വയ്ക്കാൻ എയർപോർട്ട് അതോറിറ്റി നിർദേശം നൽകി. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഗേറ്റ് 8 ന് സമീപം തീ പടരാൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആദ്യം ഒമ്പത് അഗ്നിശമന യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തേക്ക് എത്തിയെങ്കിലും, തീ നിയന്ത്രിക്കാനാതെ വന്നതോടെ പതിനഞ്ച് അധിക യൂണിറ്റുകൾ കൂടി സ്ഥലത്തെത്തിച്ചു. തീ അണയ്ക്കാൻ 28 യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും, അടിയന്തരഘട്ടങ്ങൾക്കായി കൂടുതൽ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും ഫയർ സർവീസ്, സിവിൽ ഡിഫൻസ് മീഡിയ സെൽ അറിയിച്ചു. നിലവിൽ വിമാനത്താവളത്തിലെ വിമാനങ്ങളെല്ലാം സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് സിവിൽ ഏവിയേഷൻ അതോറിറ്റി, വ്യോമസേനയിലെ രണ്ട് ഫയർ യൂണിറ്റുകൾ, ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (BGB) രണ്ട് പ്ലറ്റൂണുകൾ എന്നിവ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വിമാനത്താവളത്തിൽ കുടുങ്ങിയ ആളുകളെ മാറ്റുന്നതിനൊപ്പം, സമീപ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടയാൻ നേവിയും രംഗത്തുണ്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുള്ള ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വൻ തീപിടുത്തം
Advertisement

Advertisement

Advertisement

