breaking news New

രണ്ടാം തവണയും ഒന്നാം സമ്മാനം നേടിയ ഓണം ബംപര്‍ ലോട്ടറി വിറ്റത് കൊച്ചിയിലെ ഭഗവതി ലോട്ടറി ഏജന്‍സി

വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓര്‍മ്മയില്ലെന്നും ഇത്രയും വലിയ ആഘോഷം സ്വപ്നത്തില്‍ പോലും താന്‍ വിചാരിച്ചിരുന്നില്ലെന്നും ലതീഷിന്റെ പ്രതികരണം.

ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവന്‍ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാന്‍ ആളുകള്‍ കൂടും- ലതീഷ് സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ താന്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയ എല്ലാ ടിക്കറ്റുകളും വിറ്റ് പോയെന്നും ലതീഷ് പറഞ്ഞു. നെട്ടൂരില്‍ ഉള്ള ആള്‍ ആരെങ്കിലും ആയിരിക്കാം തന്റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. എന്നോടുള്ള ഇഷ്ടം കൊണ്ട് എടുക്കുന്നവരാണ്. 1200-നടുത്ത് ടിക്കറ്റാണ് വിറ്റത്. അതില്‍ ഒന്നാണ് ഇപ്പോള്‍ ബംപര്‍ അടിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പ് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചതാണ്. എത്രയും പെട്ടെന്ന് തന്നെ ഭാഗ്യശാലിയെ കണ്ടെത്താനാകട്ടെ- ലതീഷ് പറയുന്നു.

25 കോടി രൂപയില്‍ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. അതായത് 2.5 കോടി രൂപ. കമ്മീഷനെ കുറിച്ചുള്ള ചോദ്യത്തിന്, ‘എന്റെ അറിവ് ശരിയാണെങ്കില്‍ പത്ത് ശതമാനം കിട്ടും. രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാന്‍ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാന്‍ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറങ്ങുന്നു. 25 കോടി ഒക്കെ എനിക്ക് അടിച്ചാൽ ചിലപ്പോള്‍ ഭ്രാന്തായി പോകും’, എന്നാണ് ലതീഷ് രസകരമായി മറുപടി പറഞ്ഞത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t