breaking news New

കരൂർ ദുരന്തത്തിൽ ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് വിജയ് : ധനസഹായം പ്രഖ്യാപിച്ച് തടിയൂരാൻ ശ്രമം !! തിക്കിലും തിരക്കിലും പെട്ടുപോയാൽ എന്ത് സംഭവിക്കുമെന്നും എങ്ങനെ സ്വയം രക്ഷിക്കാമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് : ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക ...

കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെ ഇത്രയും വലിയ മഹാദുരന്തം സംഭവിക്കുകയും 39 ഓളം പേര് മരിക്കുകയും ചെയ്ത സംഭവത്തിൽ ഒടുവിൽ ധനസഹായം പ്രഖ്യാപിച്ച് തടിയൂരാനുള്ള ശ്രമമാണ് വിജയ് നടത്തുന്നത്.

റാലിക്കിടെ ദുരന്തം സംഭവിച്ച ഉടനെ വിജയ് സ്ഥലം വിട്ടതും മണിക്കൂറുകൾ കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ പ്രതികരണവും വ്യാപക ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്രയും പേരെ ഉൾക്കൊള്ളിക്കാൻ കഴിയില്ലായിരുന്നിട്ടും കരൂരിൽ ഇത്തരമൊരു റാലി സംഘടിപ്പിക്കുകയും കൃത്യമായ സംഘാടനം നടത്തമാണ് ഇത്രയും വലിയ ദുരന്തത്തിലേക്ക് വഴി വച്ചത്. ദുരന്തം ഒഴിവാക്കാമായിരുന്നിട്ടു പോലും പരിപാടി നടത്തുകയും ദുരന്തം നടന്നെന്നു കണ്ടപ്പോൾ ഓടിയൊളിക്കുന്ന സമീപനമാണ് വിജയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

ഇപ്പോഴിതാ അപകടത്തെ കുറിച്ച് കൃത്യമായ പ്രതികരണവും രേഖപ്പെടുത്താതെ തടിയൂരാനാണ് വിജയുടെ ശ്രമം. ഇതിനിടെയാണ് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപായും പ്രഖ്യാപിച്ചത്.
“ഇത് ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ് എന്നും കുറിച്ചുകൊണ്ട് എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.

ഇങ്ങനെയൊരു നഷ്ടത്തിനിടയില്‍ ഈ തുകക്ക് പ്രധാന്യമില്ലെന്നറിയാം. എന്നിരുന്നാലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്‍റെ കടമയാണ് എന്നും വിജയ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

അതേസമയം,
വൻ ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള പരിപാടികളിൽ പങ്കെടുക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദക്ഷിണ കൊറിയയിലെ ഇറ്റാവോണിലും ഇന്തോനേഷ്യയിലെ ഫുട്ബോൾ സ്റ്റേഡിയത്തിലും സംഭവിച്ചതുപോലുള്ള ദുരന്തങ്ങൾ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർ മരിച്ചിരുന്നു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ ഇത്തരത്തിൽ അപകടം നടക്കുന്നത് ഇന്ത്യയിൽ വിരളമാണ്.

ടിവികെ അറിയിച്ചതിനേക്കാൾ കൂടുതൽ ആളുകൾ റാലിയിൽ പങ്കെടുത്തിരുന്നു. ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ നിരവധി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഇപ്പോൾ സംഭവിച്ചതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തിക്കിലും തിരക്കിലും പെട്ടുപോയാൽ എന്ത് സംഭവിക്കുമെന്നും എങ്ങനെ സ്വയം രക്ഷിക്കാമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു സ്ഥലത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ ഒരേ സമയം ഒരേ ദിശയിലേക്ക് നീങ്ങാൻ ശ്രമിക്കുമ്പോഴാണ് തിക്കും തിരക്കും അഥവാ സ്റ്റാമ്പീഡ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ, ആളുകൾ പരസ്പരം കൂട്ടിയിടിക്കുകയും കൂട്ടമായി താഴെ വീഴുകയും ചെയ്യുന്നു. ഇത് അതീവ അപകടകരവും മാരകവുമാണ്. സമീപകാലത്തുണ്ടായ ദുരന്തങ്ങൾ ഇതിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. ദക്ഷിണ കൊറിയയിലെ ഹാലോവീൻ ആഘോഷത്തിനിടെ 150-ൽ അധികം ആളുകളും, ഇന്തോനേഷ്യയിലെ ഫുട്ബോൾ മത്സരത്തിന് ശേഷം 130-ൽ അധികം ആളുകളുമാണ് സമാനമായ സാഹചര്യങ്ങളിൽ മരണപ്പെട്ടത്.

തിക്കിലും തിരക്കിലും പെട്ട് ആളുകൾ താഴെ വീണ് ചവിട്ടേറ്റ് മരിക്കാമെങ്കിലും, മിക്ക മരണങ്ങൾക്കും പ്രധാന കാരണം ‘കംപ്രസ്സീവ് അസ്ഫിക്സിയ’ എന്ന അവസ്ഥയാണ്. ശരീരത്തിൽ പുറത്തുനിന്നുള്ള ശക്തമായ സമ്മർദ്ദം കാരണം ശ്വാസമെടുക്കാൻ കഴിയാതെ വരുന്ന അതീവ ഗുരുതരമായ ഒരു സാഹചര്യമാണിത്.

ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കാരണം നെഞ്ചിൻകൂട് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത് ശ്വാസമെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഡയഫ്രം എന്ന പേശിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. തന്മൂലം ശ്വാസകോശത്തിലേക്ക് വായു കടക്കുകയോ പുറത്തുപോവുകയോ ചെയ്യുന്നില്ല. ഓക്സിജൻ ലഭിക്കാതെയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ കഴിയാതെയും വരുമ്പോൾ ശരീരം പ്രവർത്തനരഹിതമാകും. ഇത് വളരെ വേഗത്തിൽ അവയവങ്ങളുടെ നാശത്തിനും മസ്തിഷ്കമരണത്തിനും വരെ കാരണമായേക്കാം.

കംപ്രസ്സീവ് അസ്ഫിക്സിയ സംഭവിച്ച എല്ലാവരും മരണപ്പെടണമെന്നില്ല. കൃത്യസമയത്ത് കാർഡിയോ പൾമണറി റെസസിറ്റേഷൻ (CPR) പോലുള്ള പ്രഥമശുശ്രൂഷ നൽകാനായാൽ ജീവൻ രക്ഷിക്കാൻ സാധിക്കും. ശ്വാസമോ ഹൃദയമിടിപ്പോ നിലച്ചാൽ നാല് മിനിറ്റിനുള്ളിൽ തലച്ചോറിന് സ്ഥിരമായ തകരാറ് സംഭവിക്കാം. അടിയന്തര വൈദ്യസഹായം എത്തുന്നതുവരെ തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കും ഓക്സിജൻ നിറഞ്ഞ രക്തം എത്തിക്കാൻ സി.പി.ആർ സഹായിക്കുന്നു. സി.പി.ആർ നൽകാൻ അറിയില്ലെങ്കിൽ പോലും, ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5