breaking news New

പശ്ചിമ ബംഗാളിലെ തലസ്ഥാനമായ കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയില്‍ താറുമാറായി ജനജീവിതം

കൊല്‍ക്കത്ത നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അഞ്ച് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കൊല്‍ക്കത്ത നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ ആരംഭിച്ച മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി.

നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മഴക്കെടുതി മൂലം ജനങ്ങള്‍ വലയുമ്പോള്‍ ഗതാഗത സ്തംഭനവും ജനജീവിതം ദുസ്സഹമാക്കി. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പല സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ ഒട്ടുമിക്ക മെട്രോ സർവീസുകളും നിർ‌ത്തിവച്ചു. ഷാഹിദ് ഖുദിറാം, മൈദാൻ സ്റ്റേഷനുകൾക്കിടയിലുള്ള പ്രവർത്തനങ്ങൾ പൊതുജന സുരക്ഷ മുൻനിർത്തി നിർത്തിവച്ചതായി മെട്രോ റെയിൽ വക്താവ് അറിയിച്ചു. ദക്ഷിണേശ്വർ, മൈദാൻ സ്റ്റേഷനുകൾക്കിടയിൽ വെട്ടിച്ചുരുക്കിയ സർവീസുകൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ ബംഗാള്‍ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കൂടുതലായിരുന്നുവെന്ന് കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പറയുന്നു. ഗാരിയ കാംദഹാരിയില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 332 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി, ജോധ്പൂര്‍ പാര്‍ക്കില്‍ 285 മില്ലിമീറ്റര്‍, കാളിഘട്ടില്‍ 280 മില്ലിമീറ്റര്‍, ടോപ്‌സിയയില്‍ 275 മില്ലിമീറ്റര്‍, ബാലിഗഞ്ചില്‍ 264 മില്ലിമീറ്റര്‍ മഴ പെയ്തു.

ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദമാണ് കനത്ത മഴയ്ക്ക് കാരണം. ഇത് വടക്കു പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ദക്ഷിണ ബംഗാളിലെ പുർബ മേദിനിപുർ, പശ്ചിം മേദിനിപുർ, സൗത്ത് 24 പർഗാനാസ്, ജാർഗ്രാം, ബങ്കുര ജില്ലകളിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 25 ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5