നെല്ലിയാമ്പതി, ഓക്‌സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, വട്ടവട, കോവളം, രാമക്കൽമേട്, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമൺ, നിലമ്പൂർ, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എറണാകുളം ജില്ലയിൽ നിന്ന് കൂടുതലായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, അഷ്ടമുടി, കൊല്ലം ജെ കെ റോയൽസ്, ആലപ്പുഴ വേഗ തുടങ്ങിയ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും ഒരുക്കിയിട്ടുണ്ട്. പമ്പ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട പുണ്യം പമ്പ യാത്രയും, അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ട ദർശന പാക്കേജുകളും, ആഴിമല, ചെങ്കൽ, മൂകാംബിക, വേളാങ്കണ്ണി എന്നീ തീർത്ഥാടനപാക്കേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെ 26 പ്രത്യേക യാത്രകളാണ് കൊല്ലത്ത് നിന്നും ഒരുക്കിയിരിക്കുന്നത്. വള്ളസദ്യയോടുകൂടിയ പഞ്ചപാണ്ഡവ ക്ഷേത്രദർശനയാത്രകളോടെയാണ് യാത്രാ പരമ്പരക്ക് തുടക്കമായത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കുകയും ചെയ്യുന്ന ഈ യാത്രയുടെ നിരക്ക് 910 രൂപയാണ്. സെപ്റ്റംബർ 3, 6, 11 തീയതികളിലാണ് ഇത്തരം യാത്രകൾ നടക്കുന്നത്. കൂടാതെ സെപ്റ്റംബർ 6, 14 തീയതികളിൽ വാഗമൺ യാത്രയും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണവും ഉൾപ്പെടുന്ന ഈ യാത്രയ്ക്ക് 1020 രൂപയാണ് നിരക്ക്.
രാമക്കൽമേട്, പൊന്മുടി യാത്രകൾ സെപ്റ്റംബർ 24-നാണ്. ഗവി യാത്രകൾ സെപ്റ്റംബർ 4, 8 തീയതികളിൽ നടക്കും. അടവി എക്കോ ടൂറിസം സെന്റർ, ഗവി, പരുന്തുംപാറ എന്നിവ ഉൾപ്പെടുന്ന ഈ പാക്കേജിന്റെ നിരക്ക് 1750 രൂപയാണ്. ഉച്ചഭക്ഷണം, ബോട്ടിംഗ്, എല്ലാ എൻട്രി ഫീസുകളും, ഗൈഡിന്റെ ഫീസും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവോണദിനമായ സെപ്റ്റംബർ 5-ന് ഓണസദ്യയോടുകൂടിയ പൊന്മുടി യാത്രയും ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30-ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന യാത്ര രാത്രി 8-ന് മടങ്ങിയെത്തും. യാത്രാക്കൂലിയും ഓണസദ്യയും ഉൾപ്പെടുന്ന പാക്കേജിന്റെ നിരക്ക് 875 രൂപയാണ്.
കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓണക്കാലത്തെ ആഘോഷം കൂടുതൽ മനോഹരമാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു
Advertisement

Advertisement

Advertisement

