27കാരിയായ ശിൽപ ജീവനൊടുക്കിയതിന് പിന്നാലെ അമ്മ പരാതി നൽകിയതോടെയാണ് ഭർത്താവ് പ്രവീണ്‍ പിടിയിലായത്. മരിക്കുമ്പോൾ ശിൽപ ഗർഭിണിയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടും നിറത്തിന്‍റെ പേരിൽ ബോഡി ഷെയ്മിങ് നടത്തിയും ഭർത്താവിന്‍റെ വീട്ടുകാർ ശിൽപയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. പ്രവീണിന്‍റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അമ്മ നൽകിയ പരാതിയിലുള്ളത്.
ശിൽപയ്ക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ആദ്യം അറിയിച്ചതെന്നും പിന്നീട് ആത്മഹത്യ ചെയ്തെന്ന് മാറ്റിപറഞ്ഞെന്നും ശിൽപയുടെ അമ്മ ശാരദയും സഹോദരി സൗമ്യയും പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് പ്രവീണും കുടുംബവും ചേർന്ന് ശിൽപയുടെ മൃതദേഹം കട്ടിലിൽ കിടത്തി. പ്രവീണും കുടുംബവും ചേർന്ന് ശിൽപയെ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ചു. ശിൽപയുടെ അമ്മ ശാരദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 80 , 1961ലെ സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രവീണിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിലെ വീട്ടിൽ ബുധനാഴ്ചയാണ് ശിൽപയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ്പയും പ്രവീണും സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായിരുന്നു. 2022ലായിരുന്നു വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം പ്രവീൺ ജോലി രാജിവെച്ച് പാനി പൂരി കട തുടങ്ങി. മകൻ ജനിച്ചതിന് ശേഷമാണ് ശിൽപ ജോലി ഉപേക്ഷിച്ചത്.
ബെംഗളൂരുവിൽ യുവ സോഫ്റ്റ്‍വെയർ എഞ്ചിനീയറുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Advertisement

Advertisement

Advertisement

