ഗർഭിണിയാകാൻ കഴിവുള്ള റോബോട്ടിനെ അടുത്ത വർഷത്തോടെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കൈവ ടെക്നോളജിയുടെ സ്ഥാപകൻ ഡോ. ഷാങ് ക്യുഫെങ്. ബെയ്ജിങ്ങിൽ നടക്കുന്ന ലോക റോബോട്ട് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു കൃത്രിമ ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെ വഹിക്കാനും പ്രസവിക്കാനും രൂപകൽപ്പന ചെയ്ത ഒരു ഹ്യൂമനോയിഡ് ആയിരിക്കും ഇത്.
യഥാർഥ ഗർഭധാരണത്തെ അനുകരിക്കാൻ സാധിക്കുന്ന കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് ഈ റോബോട്ട് ഗർഭം ധരിക്കുക. അമ്നിയോട്ടിക് ഫ്ലൂയിഡ് അടക്കമുള്ള ഈ ഗർഭപാത്രത്തിൽ ഭ്രൂണം പൂർണവളർച്ച കൈവരിക്കും എന്നാണ് പറയുന്നത്. ഭ്രൂണത്തിനാവശ്യമായ പോഷകങ്ങൾ പ്രത്യേക സംവിധാനം വഴി ഗർഭാശയത്തിലെത്തും. ഓക്‌സിജൻ ലഭ്യത, താപനില നിയന്ത്രണം തുടങ്ങി ഭ്രൂണത്തിന് ആവശ്യമായതെല്ലാം നൽകാൻ കഴിയുന്ന കൃത്രിമ ഗർഭപാത്രമാണ് റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നാണ് ഡോ. ഷാങ് പറഞ്ഞത്.
ഗർഭധാരണം കൂടാതെ റോബോട്ടിന് പ്രസവിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ വാദം. ഇതിനെക്കുറിച്ചുള്ള ചർച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. 1,00,000 യുവാൻ (ഏകദേശം 12 ലക്ഷം) ആയിരിക്കും റോബോട്ടിന്റെ വില. എല്ലാ സംവിധാനങ്ങളോടെ ഗർഭധാരണവും പ്രസവവും റോബോട്ടിന് ചെയ്യാൻ സാധിച്ചാൽ വാടകഗർഭപാത്രത്തിന്റെ അർഥംതന്നെ മാറ്റുന്ന സാങ്കേതികവിദ്യയാകും ഈ റോബോട്ടുകൾ.
എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നതിനൊപ്പം അത് മനുഷ്യന്റെ ദൈനംദിനജീവിതത്തെ കൂടി ബാധിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും നമ്മൾ കാണുന്നത്. ശാസ്ത്രവും ഒരുപാട് വളർന്നു കഴിഞ്ഞു. സുഹൃത്ത്, കൂട്ടാളിയും എന്ന നിലയിൽ നിന്ന് ഒരുപക്ഷേ ഒരു ദിവസം, റോബോട്ടുകൾ ഒരു അമ്മയുടെ റോൾ പോലും ഏറ്റെടുത്തേക്കാം എന്ന് ചുരുക്കം.
റോബോട്ടിക് ലോകത്തും ആരോഗ്യ രംഗത്തും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ് കൈവ ടെക്നോളജി പുതുതായി പ്രഖ്യാപിച്ച റോബോട്ട് !!!
Advertisement

Advertisement

Advertisement

