breaking news New

ഓക്സിജൻ ജീവവായുവാണെന്നാണ് വിശ്വാസം : മെഡിക്കൽ ഓക്സിജൻ കൊടുത്താണ് പലപ്പോഴും ജീവൻ രക്ഷിക്കാറ് : എന്നാൽ ഓക്സിജനും വിഷമാണെന്ന ശാസ്ത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു !!!

പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായ ശാസ്ത്ര കാര്യങ്ങൾ പ്രസിദ്ധം ചെയ്യുന്ന ഡോക്ടറും ശാസ്ത്രാന്വേഷിയുമായ മനോജ് ബ്രൈറ്റിന്റെ പുതിയ ഫേസ് ബുക് പോസ്റ്റിലാണ് വിവരങ്ങൾ.

എഫ് ബി പോസ്റ്റിൽ നിന്ന് ...

നമുക്ക് ഓക്സിജനില്ലാതെ ജീവിക്കാൻ പറ്റാത്തതുകൊണ്ട് ഓക്സിജനെ ജീവവായു എന്നാണ് നമ്മൾ കരുതി വരുന്നത്. ഭാഷയിലെ വാക്കുകൾ പോലും അത്തരത്തിലാണ്. ഉദാഹരണത്തിന് inspire. അതായത് പ്രചോദനം അല്ലെങ്കിൽ ആവേശം കൊടുക്കുക. Inspire ന്റെ വാച്യാർത്ഥം breathe in എന്നാണ്. അതായത് ശ്വാസം അഥവാ ജീവൻ കൊടുക്കുക. Conspire എന്നാൽ ഗൂഢാലോചന. അതിന്റെ വാച്യാർത്ഥം breath with അഥവാ ഒരുമിച്ച് ശ്വാസം അഥവാ ജീവൻ കൊടുക്കുക. Expire എന്ന മരണത്തിന് breath out അഥവാ ശ്വാസം അവസാനിപ്പിക്കുക എന്നു തന്നെയാണ് വാച്യാർത്ഥം. നാടൻ ഭാഷയിൽ കാറ്റു പോകുക.

ഓക്സിജൻ ശരിക്കും ഒരു ജൈവ വിഷമാണ്. മില്യൺ കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമി ഉണ്ടാകുമ്പോൾ ഇവിടെ ഓക്സിജൻ ഉണ്ടായിരുന്നില്ല. പിന്നീട് കടലിലെ ചില സൂക്ഷമജീവികൾ സൂര്യപ്രകാശം ഉപയോഗിച്ച് സ്വന്തമായി ഭക്ഷണമുണ്ടാക്കാൻ പഠിച്ചപ്പോൾ ഉണ്ടായ വേസ്റ്റ് എന്നു പറയാവുന്ന ഓക്സിജനെ ചുമ്മാ അന്തരീക്ഷത്തിലേക്ക് വിടുകയായിരുന്നു. അങ്ങനെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കൂടി വന്നപ്പോൾ പിന്നാലെ വന്ന ജീവികളിൽ ചിലരൊക്ക ഈ വിഷമയമായ അന്തരീക്ഷത്തിൽ ജീവിക്കാനാകാതെ കടലിനടിയിലും, അഗ്നിപർവ്വതങ്ങളുടെ ഉള്ളിലുമൊക്കെയായി ജീവിക്കാൻ ശീലിച്ചു. നമ്മുടെ ശരീരത്തിൽ പോലും തൊലിമടക്കുകളുടെ ഇടയിലും, മോണയിലും മറ്റും ഓക്സിജൻ ഇഷ്ടപ്പെടാത്ത അത്തരം സൂക്ഷ്മമജീവികളും, ഫംഗസ്സുകളും ജീവിക്കുന്നുണ്ട്.

എന്നാൽ ബഹുഭൂരിപക്ഷം ജീവികളും ഓക്സിജന്റെ സാനിധ്യത്തിൽ ജീവിക്കാനും, ഈ ഓക്സിജൻ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനും പഠിച്ചു. ഇവിടെ പഠിച്ചു എന്നൊക്കെ പറയുമ്പോൾ അവർ മനഃപൂർവം ശ്രമിച്ചു എന്നൊന്നുമല്ല അർത്ഥം. അത്തരം കഴിവുകൾ ആർജ്ജിക്കാൻ കഴിയാത്ത ജീവികൾ നേരത്തെ സൂചിപ്പിച്ചപോലെ കടലിനടിയിലും മറ്റും ഒതുങ്ങിപ്പോയി. അല്ലെങ്കിൽ വംശനാശം വന്നു പോയി. ഓക്സിജനിൽ ജീവിക്കാൻ പഠിച്ചവരുടെ അനന്ത തലമുറയാണ് നമ്മളടക്കമുള്ള ജീവികൾ.

പണ്ട് പഠിച്ച കെമിസ്ട്രി ഓർമ്മയുള്ളവർക്കറിയാം ഓക്സിജന് മറ്റു മൂലകങ്ങളിൽ നിന്ന് ഇലക്ട്രോണുകൾ പിടിച്ചു പറിക്കാനുള്ള ഒരു പ്രവണതയുണ്ട്. അതായത് ആവശ്യത്തിന് സമയം കൊടുത്താൽ ഓക്സിജന് മറ്റുള്ള മൂലകങ്ങളെയെല്ലാം നശിപ്പിക്കാൻ സാധിക്കും. അതിനെ ഓക്സിഡേഷൻ എന്നു പറയും. ഇരുമ്പ് തുരുമ്പാകുന്നതും, ഒരു കഷ്ണം കടലാസ് വായുവിൽ കത്തുന്നതും രണ്ടും ഓക്സിഡേഷനാണ്. ഒരു ആപ്പിൾ മുറിച്ചാൽ കുറച്ചു കഴിഞ്ഞാൽ അത് കറുത്തുപോകുന്നതും വായുവിലെ ഓക്സിജന്റെ പ്രവർത്തനഫലമാണ്.

അതേപോലെ തന്നെ ഓക്സിജന് ജൈവ തന്മാത്രകളെയും ചിന്നഭിന്നമാക്കാൻ സാധിക്കും. ഏകകോശ ജീവികൾ പുറത്തുവിട്ട ഓക്സിജൻ നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിക്കേണ്ടി വന്ന ജീവികൾ ജൈവതന്മാത്രകളെ ചിന്നഭിന്നമാക്കാനുള്ള ഓക്സിജന്റെ ഈ കഴിവിനെ ഗുണകരമായി ഉപയോഗിക്കാൻ പഠിച്ചു.

ജീവികൾക്ക് രണ്ടു തരത്തിൽ ഊജ്ജം സംഭരിക്കാം. ഓക്സിജന്റെ സാനിധ്യമില്ലാതെ അനേറോബിക്ക് റെസ്പിറേഷൻ അഥവാ ഫെർമെന്റഷൻ എന്ന പുളിപ്പിക്കൽ വഴി ഗ്ലൂക്കോസിനെ ആൽക്കഹോൾ ആക്കി മാറ്റി, അതിൽനിന്നു കുറച്ച് ഊർജ്ജമുണ്ടാക്കാം.

പല ഏക കോശജീവികളും, ഫംഗസ്സുകളും ഈ രീതിയാണ് ഉപയോഗിക്കുന്നത്. ഇത് അത്രയൊന്നും മികച്ച മാർഗ്ഗമല്ല. ഓക്സിജൻ ഉപയോഗിച്ചാൽ ജൈവ തമാത്രകളെ കൂടുതൽ നന്നായി തകർക്കാനാകും എന്നതു കൊണ്ട് ഏറോബിക് റെസ്പിറേഷൻ എന്ന ഓക്സിജന്റെ സാന്നിധ്യത്തിലുള്ള ഊർജ്ജ നിർമ്മാണം കൂടുതൽ മികച്ചതാണ്. പുളിപ്പിക്കലിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അഞ്ചിരട്ടിയോളം ഊർജ്ജം ഓക്സിജൻ ഉപയോഗിച്ച് ജൈവ തന്മാത്രകളെ തകർത്തുകൊണ്ടുള്ള ഊർജ്ജ നിർമ്മാണത്തിൽ ലഭിക്കും. അങ്ങനെയാണ് ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്ന മിക്ക ജീവികളും ഓക്സിജൻ പ്രേമികളായി മാറിയത്.

നമ്മുടെ ലെയ്സ് പാക്കറ്റ് ഇങ്ങനെ വീർത്തിരിക്കുന്നത് അത് കമ്പനി നമ്മളെ പറ്റിക്കാൻ അതിൽ ചുമ്മാ കാറ്റ് നിറച്ചിരിക്കുന്നതല്ല, അതിൽ നൈട്രജനാണ് നിറച്ചിരിക്കുന്നത്. അഥവാ അതിലെ ഓക്സിജനെ മാറ്റിയിരിക്കുന്നു. ഓക്സിജൻ ഉണ്ടെങ്കിൽ അത് സാവധാനത്തിൽ ഓക്സിഡേഷനു വിധേയമായി കേടായിപ്പോകാം.

അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതും, ആ ദഹിച്ച ഭക്ഷണം ഗ്ലൂക്കോസ് ആയി മാറി കോശങ്ങളിലെത്തി ഊർജ്ജമാകുന്നതും, ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഏറോബിക് റെസ്പിറേഷനും ശരിക്കും തീ കത്തൽ തന്നെയാണ്.

ഒരു പ്രശ്‌നമുള്ളത് ഈ ഓക്സിജൻ ഒരു ഇരുതല മൂർച്ഛയുള്ള വാളാണ് എന്നതാണ്. ജൈവ തന്മാത്രകളെ തകർക്കാനുള്ള അതിന്റെ കഴിവു തന്നെയാണ് അതിന്റെ ദോഷവും. ജൈവതന്മാത്രകളെക്കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന നമ്മുടെ ശരീരവും അത് തകർക്കും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഓക്സിജൻ നമ്മുടെ കോശങ്ങളിലെ ജൈവ തന്മാത്രകളെയും തകർക്കും.ഓക്സിജന്റെ സാനിധ്യത്തിൽ നിങ്ങളുടെ കോശങ്ങളും തുരുമ്പെടുക്കും. ഏറോബിക് റെസ്പിറേഷന്റെ അനിവാര്യമായ പരിണത ഫലമാണ് reactive oxygen species എന്നറിയപെടുന്ന ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം.

അതുകൊണ്ടുതന്നെ ഓക്സിജൻ വഴി ഉണ്ടാകാവുന്ന നാശം കൈകാര്യം ചെയ്യാൻ കോശങ്ങളിൽ സംവിധാനമുണ്ടങ്കിലും, അന്തിമ വിജയം ഓക്സിജനു തന്നെയായിരിക്കും. സത്യത്തിൽ നമ്മുടെ വാർദ്ധക്യത്തിനു കാരണം ഓക്സിജൻ വരുത്തുന്ന ക്ഷതങ്ങളാണ്. ഓക്സിജൻ ഒരു വിഷമാണ്…!!!..


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5