breaking news New

സ്പെഷ്യൽ റിപ്പോർട്ട് : മതേതരത്വത്തിന്റെ കേദാരമായി വാഴ്‌ത്തപ്പെടുന്ന കേരളത്തില്‍ മതഭീകരവാദത്തിന്റെ ആസൂത്രിത പദ്ധതിയായ ലൗ ജിഹാദ് ഭീകരതയ്‌ക്ക് ഒരു പെണ്‍കുട്ടി കൂടി ഇരയായിരിക്കുന്നു : ഇനിയും കാണാതെയും, പ്രതികരിക്കാതിരുന്നാലും പല കുടുംബങ്ങളും ശിഥിലമാകും !!

കോതമംഗലത്തെ ക്രൈസ്തവ മതവിശ്വാസിയായ 23കാരിയാണ് പ്രണയക്കെണിയിലകപ്പെട്ട് ജീവനൊടുക്കിയത്. ആലുവ സ്വദേശിയായ യുവാവ് പ്രണയം നടിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോവുകയും, ഇസ്ലാമിലേക്ക് മതം മാറിയാലേ വിവാഹം ചെയ്യുകയുള്ളുവെന്ന് പറയുകയുമായിരുന്നു. രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോയ യുവതിയെ യുവാവിന്റെ വീട്ടുകാരുടെ ഒത്താശയോടെ മതം മാറണമെന്ന് നിര്‍ബന്ധിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റാനുള്ള ആസൂത്രണവും നടത്തിയിരുന്നതായാണ് അറിയുന്നത്. ഇതിനു വഴങ്ങാതിരുന്നപ്പോഴാണ് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. അപമാനഭാരം കൊണ്ട് യുവതി സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമാണ്. തനിക്ക് നേരിട്ട ചതിയുടെയും താന്‍ അനുഭവിച്ച പീഡനത്തിന്റെയും അപമാനത്തിന്റേയും വിവരങ്ങള്‍ യുവതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ശരിവയ്‌ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ യുവതിയുടെ സഹോദരനും വെളിപ്പെടുത്തിയിരിക്കുന്നു. ലൗ ജിഹാദ് എന്നൊന്ന് ഇല്ലെന്നും, ഇസ്ലാമോഫോബിയ സൃഷ്ടിക്കാന്‍ വേണ്ടി മെനഞ്ഞെടുക്കുന്ന കഥകളാണെന്നും പ്രചരിപ്പിക്കുന്നവര്‍ ദാരുണമായ ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഈ കേസില്‍ ഇനി എന്തു നടപടി ഉണ്ടാകുമെന്നും അവര്‍ക്ക് അറിയണം. അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം മാറ്റുന്ന ലൗ ജിഹാദ് പദ്ധതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ചില സംഭവങ്ങള്‍ കോടതി കയറുകയും ചെയ്തു. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ പോലീസ് ലൗ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. മതഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന വലിയൊരു അട്ടിമറിയായിരുന്നു ഇത്.

ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ള യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പലതരത്തില്‍ പ്രലോഭിപ്പിച്ച് പ്രണയ ക്കെണിയില്‍ അകപ്പെടുത്തി മതം മാറ്റുന്നു എന്നായിരുന്നു ആരോപണം. ഇങ്ങനെ മതം മാറിയ ചില യുവതികള്‍ രാജ്യം വിട്ടുപോയി ഭീകരസംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ പശ്ചാത്തലത്തില്‍ എടുത്ത കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും രംഗത്തുവരികയുണ്ടായി. കേരളത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടി എടുത്ത സിനിമയാണെന്നായിരുന്നു ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നത്.

ലൗ ജിഹാദിന് ഇരയായ നിരവധി യുവതികള്‍ തങ്ങള്‍ അനുഭവിച്ച മതപരവും ലൈംഗികവുമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടും കേരളം ഭരിച്ച ഇടതു വലതു മുന്നണികള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. മുസ്ലിം വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടാന്‍ ജിഹാദി ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നിശബ്ദതയും നിഷ്‌ക്രിയതയും. ഇതിനേക്കാള്‍ കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ചത് ക്രൈസ്തവസഭാ നേതൃത്വത്തിന്റെ മൗനമായിരുന്നു. നിരവധി ക്രൈസ്തവ പെണ്‍കുട്ടികളും ലൗ ജിഹാദിന് ഇരയായിരുന്നു. പക്ഷേ ഇതിനോട് പ്രതികരിക്കാന്‍ ക്രൈസ്തവ സഭാ നേതൃത്വം ഭീതിമൂലമാകാം വൈമനസ്യം കാണിച്ചത്. തൊടുപുഴയില്‍ മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ ഒരു സാന്ത്വനവാക്ക് പോലും പറയാതിരുന്ന സഭയുടെ അതേ മുഖമാണ് ലൗ ജിഹാദിലും കാണുന്നത്. ഈ നയം ആത്മഹത്യാപരമാണെന്ന് ഇനിയും തിരിച്ചറിയാതെ പോകരുത്.

ഇസ്ലാമിക ഭീകരവാദം കേരളത്തെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് അന്തരിച്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലൗ ജിഹാദ് ഒരു ഭീകര പദ്ധതിയാണ്. നിയമപരമായ നടപടികളിലൂടെ ഇതിനെ നേരിടേണ്ടതും ഇല്ലാതാക്കേണ്ടതും ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5