breaking news New

ഉത്തരാഖണ്ഡില്‍ മഴ തുടരുന്നു : മേഘവിസ്‌ഫോടന ശേഷമുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നു കുടുങ്ങിക്കിടക്കുന്നവരില്‍ 28 പേരുള്ള മലയാളി സംഘവും : മലയാളികൾ സുരക്ഷിതർ ...

ഗംഗോത്രിക്കു സമീപമുള്ള ഇവര്‍ സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ വാഹന ഡ്രൈവറുമായി സംസാരിച്ചെന്നു മലയാളി സമാജം പ്രസിഡന്റ് പറഞ്ഞു.

ഇതില്‍ എട്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരും 20 പേര്‍ മഹാരാഷ്‌ട്രയില്‍ സ്ഥിര താമസക്കാരുമാണ്. കൊച്ചിക്കാരായ നാരായണനും ഭാര്യ ശ്രീദേവി പിള്ളയും ഈ സംഘത്തിലുണ്ട്. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നു ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരാഴ്ച മുന്‍പാണ് 28 പേരടങ്ങുന്ന സംഘം ഉത്തരാഖണ്ഡിലേക്കു തിരിച്ചത്.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭാരത- ചൈന അതിര്‍ത്തിക്കടുത്തുള്ള ഹാര്‍സില്‍ താഴ്‌വരയിലുണ്ടായ മണ്ണിടിച്ചിലില്‍ സൈനിക ബേസ് ക്യാമ്പ് തകര്‍ന്നിരുന്നു, 11 കരസേനാ സൈനികരെ കാണാതായിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് സ്ഥിരീകരിച്ചു. അവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

ചൊവ്വാഴ്ച ഉച്ചയ്‌ക്കുണ്ടായ മിന്നല്‍ പ്രളയത്തില്‍ ധരാളി ഗ്രാമം തന്നെ ഒലിച്ചുപോയി. തുടര്‍ച്ചയായുണ്ടായ ഇരട്ട മേഘ വിസ്‌ഫോടനമാണ് സ്ഥിതി വഷളാക്കിയത്. കെട്ടിടങ്ങളിലും മറ്റുമായി നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി ഫോണില്‍ സംസാരിക്കുകയും എല്ലാവിധ സഹായങ്ങളും ഉറപ്പുനല്കുകയും ചെയ്തു. ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അയയ്‌ക്കാമെന്നു പ്രധാനമന്ത്രി അറിയിച്ചു. 150 പേരെ രക്ഷപ്പെടുത്തിയെന്നും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ധാമി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5