breaking news New

ഭൂമിയുടെ അടിത്തട്ടിൽ രൂപപ്പെട്ടിരിക്കുന്ന ഹൈഡ്രജൻ ശേഖരങ്ങൾ, 1,70,000 വർഷത്തേക്ക് ലോകത്തിന്റെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായതാണെന്ന് പഠനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയിലെ 30-ലധികം സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ഹൈഡ്രജൻ ശേഖരങ്ങൾ ഉണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ജിയോകെമിസ്ട്രി വിഭാഗം അധ്യക്ഷൻ പ്രൊഫസർ ക്രിസ് ബല്ലന്റൈൻ നയിച്ച ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ‘Nature Reviews Earth and Environment’ എന്ന പ്രമുഖ ശാസ്ത്രീയ ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

പാറയും ജലവും തമ്മിലുള്ള സ്വാഭാവിക രാസപ്രവർത്തനങ്ങളിലൂടെയാണ് ഹൈഡ്രജൻ ഉത്പാദനം നടക്കുന്നത്. ഈ പ്രകൃതിദത്ത ഹൈഡ്രജൻ ശേഖരങ്ങൾ കാർബൺ മുക്ത ഊർജ ഭാവിയിലേക്ക് കടക്കാനുള്ള സാധ്യതകൾക്ക് വഴിയൊരുക്കുന്നു.

അമേരിക്കയിലെ കാൻസസ് സംസ്ഥാനത്തുള്ള ‘മിഡ് കോൺടിനന്റൽ റിഫ്റ്റ്’ എന്ന ബസാൾട്ട് പാറകളുടെ വിപുലമായ സമുച്ചയം, സ്വാഭാവിക ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ജിയോളജിക്കൽ ഘടനകളിലൊന്നായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. സമീപകാലത്ത് അൽബേനിയയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും, ക്രോമിയം ഖനനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂമിക്കടിയിൽ വൻതോതിൽ ഹൈഡ്രജൻ ശേഖരങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇപ്പോൾ ഹൈഡ്രജൻ പ്രധാനമായും ഹൈഡ്രോകാർബണുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ വലിയ തോതിൽ കാർബൺ ഡൈഓക്സൈഡ് ഉണ്ടാകുന്നു. എന്നാൽ, ഭൂമിയിലെ സ്വാഭാവികമായി രൂപപ്പെട്ട ഹൈഡ്രജൻ ശേഖരങ്ങൾ ഉപയോഗിച്ചാൽ, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാർബൺ ഉല്പാദനമുള്ളതുമായ ഊർജ്മാർഗത്തിലേക്ക് മാറാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

മെത്തനോൾ, അമോണിയ തുടങ്ങിയ വ്യാവസായിക രാസവസ്തുക്കളുടെ നിർമ്മാണത്തിനും, വാഹനങ്ങൾക്കും വൈദ്യുത ഉത്പാദനത്തിനും ഹൈഡ്രജൻ പുനരുപയോഗ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നു. ഭൂമിയുടെ അടിത്തട്ടിൽ സ്വാഭാവികമായി നിലനിൽക്കുന്ന ഈ ഹൈഡ്രജൻ ശേഖരങ്ങളെ കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അത് ആഗോള ഊർജ വിപ്ലവത്തിലേക്കുള്ള ഒരു നിർണായക മുന്നേറ്റമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ലോകത്തെങ്ങും ഹൈഡ്രജൻ ഇന്ധനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ധാരാളമായി ലഭ്യമാണെന്നതും, ലൈറ്റ് ആയ പ്രകൃതവും ഒരു ഇന്ധനമെന്ന നിലയിൽ ഹൈഡ്രജന് കാര്യക്ഷമത നൽകുന്നു. ഓയിൽ ആൻഡ് ഗ്യാസ് എന്നിവയ്ക്ക് പകരമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5