breaking news New

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളും ജില്ലാ നേതൃയോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും

ഏപ്രില്‍ 21 മുതല്‍ മേയ് 10 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ കേരളത്തിലെ 30 സംഘടനാ ജില്ലകളിലും സംസ്ഥാന പ്രസിഡന്റ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. എല്ലാ ജില്ലകളിലും നടക്കുന്ന വികസിത കേരളം കണ്‍വന്‍ഷനില്‍ ബിജെപിയുടെ ”മിഷന്‍ 2025” സംസ്ഥാന പ്രസിഡന്റ് അവതരിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംസ്ഥാന തല പര്യടനം കൂടിയാണിത്.

രാവിലെ എട്ടരയ്ക്ക് ജില്ലാ കോര്‍ കമ്മറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുക്കുന്ന യോഗവും പത്തുമണി മുതല്‍ പന്ത്രണ്ടു വരെ വികസിത കേരളം കണ്‍വെന്‍ഷനും നടക്കും. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി നേതാക്കളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയവരും എന്‍ഡിഎ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ്ജുമാരുടെ പ്രഖ്യാപനവും നടക്കും. കണ്‍വന്‍ഷന് ശേഷം ജില്ലയിലെ പ്രധാന വ്യക്തികളെ സംസ്ഥാന അധ്യക്ഷന്‍ നേരില്‍കാണും. വൈകിട്ട് നാല് മണി മുതല്‍ ആറുവരെ രണ്ടാമത്തെ സംഘടനാ ജില്ലയിലെ വികസിത കേരളം കണ്‍വന്‍ഷന്‍ നടക്കും. വൈകിട്ട് ആറു മുതല്‍ ഏഴര വരെ ജില്ലാ കോര്‍, മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന നേതൃയോഗവും ചേരും.

ഏപ്രില്‍ 21ന് രാവിലെ തൃശൂര്‍ സിറ്റി ജില്ലയുടേയും ഉച്ചയ്ക്ക് ശേഷം തൃശൂര്‍ സൗത്ത് ജില്ലയുടേയും കണ്‍വന്‍ഷനുകള്‍ നടക്കും. 22ന് രാവിലെ മലപ്പുറം വെസ്റ്റും വൈകിട്ട് തൃശൂര്‍ നോര്‍ത്തും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലയിലെ കണ്‍വന്‍ഷനോടെയാണ് പരിപാടികള്‍ സമാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും വികസിത കേരളം കണ്‍വെന്‍ഷനുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.

ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും അതാതു സ്ഥലങ്ങളിലെ ദേവാലയങ്ങളും മതമേലധ്യക്ഷന്മാരെയും സന്ദര്‍ശിച്ച് സ്നേഹ സന്ദേശങ്ങള്‍ കൈമാറും.

ബിജെപി സ്നേഹ യാത്രകള്‍ ഈസ്റ്റര്‍ ദിനത്തില്‍ നേരത്തെ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ പതിനായിരക്കണക്കിന് ക്രൈസ്തവ സഹോദരന്മാര്‍ ബിജെപിയുടെ പ്രവര്‍ത്തകരായിട്ടുണ്ട്. ബിജെപി ക്രൈസ്തവ സമൂഹത്തെക്കൂടി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. ഇത്തവണത്തെ ഈസ്റ്റര്‍ ദിനത്തില്‍ എല്ലായിടത്തും ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവ സമൂഹത്തിനൊപ്പം ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമാകുമെന്നും ബൂത്തുകളിലും പഞ്ചായത്തുകളിലുമടക്കം ബിജെപി പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ആഘോഷങ്ങളിലുണ്ടാവുമെന്നും സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5