രാമശ്ശേരി ഇഡ്‍ഡലി, പൊടി ഇഡ്‍ഡലി, ബട്ടർ ഇഡ്‍ഡലി, റവ ഇഡ്‍ഡലി, പംകിന്‍ ഇഡ്‍ഡലി. അങ്ങനെ രുചി വൈവിധ്യങ്ങളില്‍ നൂറ്റാണ്ടുകളായി മനസും വയറും ഒരുപോലെ നിറയുന്ന ഇഡ്‍ഡലികള്‍.
ഇഡ്‍ഡലിക്ക് എങ്ങനെയാണ് ഇഡ്‍ഡലി എന്ന പേരുവന്നത്. ആ കഥ അറിയണമെങ്കില്‍, 12-ാം നൂറ്റാണ്ടിലേക്ക് പോകണം. 12-ാം നൂറ്റാണ്ടില്‍ ഇന്തോനീഷ്യയിലെ ഒരു ഭക്ഷണവിഭവത്തിന്റെ പേരായിരുന്നു കെഡ്ലി. ഇന്തോനീഷ്യക്കാർ ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഒപ്പം കെഡ്ലിയെയും കൊണ്ടുവന്നു. ആ രുചി ഇഷ്ടപ്പെട്ട ഇന്ത്യക്കാർ ഇന്തോനീഷ്യയുടെ ഇ കൂടി ചേർത്ത് കെഡ്ലിയെ ഇഡ്ലിയെന്ന് വിളിച്ചു. ഇതാണ് ഒരു കഥ.
2015 മുതലാണ് ഇഡ്ഡലിക്കായി ഒരു ദിനം മാറ്റിവച്ച് തുടങ്ങിയത്. ഇഡ്ഡലി കിങ് എന്ന് അറിയപ്പെടുന്ന തമിഴ്‌നാട് സ്വദേശി എം. ഇനിയവനാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. 2015 മാര്‍ച്ച് 30ന് 1328 തരം ഇഡ്‍ഡലിയുണ്ടാക്കി അദ്ദേഹം ലോകശ്രദ്ധ നേടി. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ മികച്ച പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശരീരത്തിന് ഹാനികരമായ കൊഴുപ്പില്ലാത്ത ഭക്ഷണമാണ് ഇഡ്ഡലി. പുളിപ്പിച്ച മാവ്, ആവിയില്‍ വേവിക്കുന്ന പാചകരീതിയാണ് ഇഡ്ഡലിയെ ആരോഗ്യകരമാക്കുന്നത്.

