ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു.
തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ മ്യാന്‍മറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മ്യാന്‍മറില്‍ നിലവില്‍ 150 പേരോളം ഭൂചലനത്തില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 പേരുടെ മൃതദേഹങ്ങളാണ് രക്ഷാദൗത്യത്തിലൂടെ കണ്ടെത്തിയത്. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ നിരവധിപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാറുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മ്യാന്‍മറില്‍ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്‌കെയില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാന്‍മറില്‍ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാന്‍മര്‍ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.
ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കെട്ടിടങ്ങള്‍ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാന്‍മറില്‍ കാര്യമായ നാശനഷ്ടങ്ങള്‍ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.
ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മ്യാന്‍മറിലേക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു
Advertisement

Advertisement

Advertisement

