മരണത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്നത് എന്തൊക്കെയാണ് ? : മരണത്തിന് തൊട്ട് മുമ്പും മരണശേഷവും എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ നിരവധി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും കൃത്യമായി ആര്‍ക്കും ഇതിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല

മരണാസന്നരായ രോഗികളെ പരിശോധിക്കുന്ന ഒരു ഡോക്ടര്‍ മനുഷ്യന്‍ മരണത്തിലേക്ക് എത്തുന്ന മണിക്കൂറുകളിലും മിനിട്ടുകളിലും സെക്കന്‍ഡുകളിലും ശരീരത്തിന് എന്താണ് സംഭവിക്കുന്നത് വിവരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ന്യൂകാസില്‍ ഹോസ്പിറ്റലിലെ പാലിയേറ്റീവ് മെഡിസിന്‍ കണ്‍സള്‍ട്ടന്റായ ഡോ. കാതറിന്‍ മാനിക്സ് മരണമെത്തുന്ന സമയത്ത് ശരീരത്തില്‍ ശ്വാസോച്ഛാസം,വിശപ്പ്, ഉറക്കം എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട് എന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നഖത്തിന്റെ നിറം മാറുന്നതും ചര്‍മ്മത്തിന്റെ താപനിലയിലുള്ള മാറ്റങ്ങളും എല്ലാം മരണം അടുത്തിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് എന്നാണ് ഡോ.കാതറിന്‍ വിശദീകരിക്കുന്നത്.

മരണം അടുക്കുമ്പോള്‍ പലര്‍ക്കും ബോധം നഷ്ടമാകും എങ്കിലും തലച്ചോറിന് അപ്പോഴും ശബ്ദങ്ങളും ദൃശ്യങ്ങളും മനസിലാക്കാന്‍ കഴിയും എന്നാണ് ഇവര്‍ പറയുന്നത്. മരണം അടുക്കുമ്പോള്‍ ആ വ്യക്തിക്ക് വിശപ്പ് തോന്നില്ല എന്നാണ് ഡോ.കാതറിന്‍ പറയുന്നത്. മരിക്കുന്ന ശരീരത്തിലെ ജൈവപ്രക്രിയകള്‍ മന്ദഗതിയില്‍ ആയതിനാല്‍ ശരീരത്തിന് വളരെ കുറഞ്ഞ അളവിലുള്ള ഊര്‍ജ്ജം മാത്രമേ ആവശ്യമായി വരൂ എന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഈ ഘട്ടത്തില്‍ മരിക്കുന്ന വ്യക്തിക്ക് വയറ് നിറയെ ഭക്ഷണം കഴിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ക്ക് അതിന്റെ രുചി ആസ്വദിക്കാന്‍ കഴിയുമെന്നും അവരുടെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളും പലഹാരങ്ങളും എ്ല്ലാം കഴിക്കാന്‍ ആഗ്രഹം തോന്നുമെന്നും ഡോ.കാതറിൻ
വ്യക്തമാക്കുന്നു.

ഈ അവസ്ഥയില്‍ കടുത്ത ക്ഷീണം കാരണം ഉറങ്ങാന്‍ തോന്നുമെങ്കിലും പരമാവധി ഉണര്‍ന്നിരിക്കാന്‍ ആയിരിക്കും ഇവര്‍ ശ്രമിക്കുക. ശരീരം മരണത്തിലേക്ക് നീങ്ങുമ്പോള്‍ ഉറക്കത്തിന് ശരീരത്തിന്‍ മേലുള്ള ശക്തിയും കുറയുമെന്നാണ് റിപ്പോര്‍ട്ട്.

മരണം ആസന്നമാകുമ്പോള്‍ ഹൃദയം ശക്തമായി മിടിക്കാന്‍ തുടങ്ങും, ഇത് രക്തസമ്മര്‍ദ്ദം കുറയുന്നതിലേക്ക് എത്തിക്കുന്നു. ഇതാണ് ചര്‍മ്മം പെട്ടെന്ന് തണുക്കാനുള്ള കാരണം. കൂടാതെ രക്തയോട്ടം നിലയ്ക്കുമ്പോഴാണ് നഖങ്ങളുടെ നിറം മങ്ങുന്നത്. രക്തസമ്മര്‍ദ്ദം തീരെ കുറയുമ്പോള്‍ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഈ സമയത്ത് ശരീരം കേള്‍ക്കുന്ന പല കാര്യങ്ങളും എത്രത്തോളം മരിക്കുന്ന തലച്ചോറിന് മനസിലാക്കാന്‍ കഴിയുമെന്ന് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ചില കാര്യങ്ങള്‍ തലച്ചോറിന് മനസിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

അവസാന നിമിഷങ്ങളില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം നമ്മളുടെ ശ്വസന രീതിയിലുള്ള മാറ്റങ്ങളാണ്. ആദ്യം ശക്തമായി ശ്വസിക്കാന്‍ തുടങ്ങുന്ന ഇവര്‍ ഒടുവില്‍ അത് മന്ദഗതിയിലേക്ക് മാറുകയും മരണം സംഭവിക്കുകയും ചെയ്യും. ഹൃദയവും ശ്വാസവും നിലച്ചുപോകുന്ന ക്ലിനിക്കല്‍ മരണത്തില്‍ നിന്ന് ആളുകള്‍ തിരിച്ചെത്തിയ പല സംഭവങ്ങളിലും ഈ നിമിഷങ്ങളില്‍ തലച്ചോറിന് പലതും അനുഭവിക്കാന്‍ കഴിയുമെന്ന് സൂചനയുണ്ടായിരുന്നു. തുരങ്കത്തിന്റെ അറ്റത്ത് വലിയൊരു പ്രകാശം കണ്ടു എന്നും മരിച്ച ചില ബന്ധുക്കളെ കാണുന്നത് പോലെയും ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5