സഹകരണ മന്ത്രി കെ.എന്‍. രാജണ്ണ നിയമസഭയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംസ്ഥാന മന്ത്രിമാരിലൊരാള്‍ 'തേന്‍കെണി'യില്‍ വീണുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ കുമ്പസാരം.
വിവിധ കക്ഷികളിലെ കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ കുറഞ്ഞത് 48 രാഷ്ട്രീയക്കാരെങ്കിലും തേന്‍കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നു മന്ത്രി രാജണ്ണ നിയമസഭയില്‍ സമ്മതിച്ചു. വിഷയം ഒരു പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആഭ്യന്തര മന്ത്രിക്ക് രേഖാമൂലം പരാതി നല്‍കുമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ''ഇതിന്റെ സൂത്രധാരന്‍മാര്‍ ആരാണ്? സംവിധായകര്‍ ആരാണ്? ഇതെല്ലാം പുറത്തുവരട്ടെ'' -അദ്ദേഹം പറഞ്ഞു.
ആറു മാസമായി നേതാക്കളെ തേന്‍കെണിയില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു രാജണ്ണയുടെ മകനും എം.എല്‍.സിയുമായ രാജേന്ദ്രയും ആരോപിച്ചു. അന്വേഷണം നടത്തണമെന്നു ക്യാബിനറ്റ് മന്ത്രി തന്നെ സഭയില്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി വേണ്ട നടപടി കൈക്കൊള്ളുമെന്നാണ് വിശ്വാസമെന്നും രാജേന്ദ്ര കൂട്ടിച്ചേര്‍ത്തു. ''അവര്‍ വാട്ട്‌സ്ആപ്പില്‍ വിളിക്കും, അല്ലെങ്കില്‍ സന്ദേശമയയ്ക്കും. കഴിഞ്ഞ ആറു മാസമായി ഇതാണ് സംഭവിക്കുന്നത്.
അതിനാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇത് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കട്ടെ''-തേന്‍കെണി ഓപ്പറേഷന്‍ വിശദീകരിച്ചുകൊണ്ട് രാജേന്ദ്ര പറഞ്ഞു. സംസ്ഥാന മന്ത്രിയെ തേന്‍കെണിയില്‍ വീഴ്ത്താന്‍ തുടര്‍ച്ചയായി രണ്ടു ശ്രമങ്ങളുണ്ടായെന്നും രണ്ടും പരാജയപ്പെട്ടെന്നും പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇത്തരം രാഷ്ട്രീയം പുതുമയല്ലെന്നും ചിലര്‍ ഇതിനെ നിക്ഷേപമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''പരാതി നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം വഴി മാത്രമേ സത്യാവസ്ഥ വെളിവാകൂ. ഇതിന് പിന്നില്‍ ആരാണെന്നു കണ്ടെത്താനാകൂ. മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ഇത് ചര്‍ച്ച ചെയ്യും. ഇത് ഒരു പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ല.
എല്ലാവരെയും ബാധിക്കുന്നതാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും ബന്ധപ്പെട്ടവരില്‍നിന്ന് വിവരങ്ങള്‍ തേടുമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു.
കേസ് സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് ആര്‍. അശോക് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നു മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.സിയുമായ സി.ടി. രവിയും ആവശ്യപ്പെട്ടു. അതിനിടെ, വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 19 ന് രാവിലെ ഇരയായ മന്ത്രി മുഖ്യമന്ത്രിയെ കാണുകയും വാക്കാല്‍ പരാതിപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു. സര്‍ക്കാരിനുള്ളില്‍ വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പേരിലാണ് തന്നെ ലക്ഷ്യമിടുന്നതെന്നും മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കര്‍ണാടകയില്‍ കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടെ കുറഞ്ഞത് 48 രാഷ്ട്രീയക്കാരെ 'തേന്‍കെണി'യില്‍ കുടുക്കിയതായി വെളിപ്പെടുത്തല്‍
Advertisement

Advertisement

Advertisement

