സംസ്ഥാനത്ത് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുന്ന തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ വ്യാപകമായ ബ്ലാക്മെയിലിങ്ങും പണപ്പിരിവും തട്ടിപ്പുകളും നടക്കുന്നുവെന്ന ആരോപണവുമായി കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ രംഗത്ത്.
ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ക്രമനമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് കോം ഇന്ത്യ പരാതി നല്കി. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തി വ്യാജന്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യം.
സംസ്ഥാനത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ അന്തസോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പോലും മാനക്കേട് ഉണ്ടാക്കുന്ന വിധമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തടയണമെന്നും കോം ഇന്ത്യയുടെ പരാതിയില്‍ ആവശ്യപ്പെട്ടു. യാതൊരുവിധ മാധ്യമ പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തന പാരമ്പര്യവും ഇല്ലാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് കോം ഇന്ത്യ നൽകിയ പരാതിയില്‍ പറയുന്നു.
ഇവരില്‍ മിക്കവര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിഞ്ജാനമോ പ്രവര്‍ത്തന പരിചയമോ ഇല്ല. പലരും വെബ്സൈറ്റ് പോലുമില്ലാതെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത നല്‍കിയാണ് മാധ്യമങ്ങളെന്നപേരില്‍ തട്ടിപ്പ് നടത്തുന്നത്. ഇവര്‍ വ്യവസായികള്‍, സംരംഭകര്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതൃത്വങ്ങള്‍ എന്നിവരെയൊക്കെ അവരുടെ ഏതെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സമീപിക്കുകയും അതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപങ്ങള്‍ ഉള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപാടുകളോ, നിയമപ്രശ്നങ്ങളില്‍ അകപ്പെടുമെന്ന ഭയമോ കാരണം പലരും ഇവരുടെ കെണിയില്‍ വീഴുന്നുണ്ട്. ഇവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാതെയാണ് ഇവയില്‍ ബഹുഭൂരിപക്ഷം മീഡിയകളും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നാമമാത്ര വായനക്കാര്‍ പോലുമില്ലെങ്കിലും ലക്ഷങ്ങള്‍ വായനക്കാരുണ്ടെന്നാണ് ഇവര്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത്.
ഇത്തരം മാധ്യമങ്ങളില്‍ ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്‍റെ പേരിലും കൂട്ടായ പണപ്പിരിവുകൾ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ 4, 5 വര്‍ഷങ്ങളായി ഇത്തരം ബ്ലാക്മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നത് അന്വേഷിച്ചാല്‍ ബോധ്യമാകുന്നതാണെന്നും കോം ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്‍റ് സാജ് കുര്യന്‍, സെക്രട്ടറി കെ.കെ ശ്രീജിത് എന്നിവര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇതുമൂലം അനേകര്‍ക്ക് പണവും സമ്പത്തും നഷ്ടമായി, മനക്ലേശവും പ്രതിസന്ധിയും ഉണ്ടാകുന്നു എന്നതിനു പുറമെ സംസ്ഥാനത്ത് വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വായനക്കാരുള്ള ഓണ്‍ലൈന്‍ മീഡിയകള്‍ക്കുപോലും അത് മാനക്കേടുണ്ടാക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികള്‍കൂടി ശേഖരിച്ച് ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍വകാല ചരിത്രം ഉള്‍പ്പെടെ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ചെയ്യണമെന്ന് കോം ഇന്ത്യ ആവശ്യപ്പെട്ടു.
ജേണലിസം പഠിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവരാണ് സോഷ്യല്‍ മീഡിയ സംവിധാനം ഉപയോഗിച്ച് നവമാധ്യമ പ്രവര്‍ത്തകരെന്ന ലേബല്‍ സ്വയം ചാര്‍ത്തി തട്ടിപ്പ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. മിക്കവര്‍ക്കും മാധ്യമ പ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിഞ്ജാനമോ പ്രവര്‍ത്തന പരിചയമോ ഇല്ലാതെയാണ് വ്‌ലോഗര്‍ എന്ന പേരിന്റെ പരിധിയില്‍ നിന്ന് മീഡിയ എന്ന വിശേഷണം സ്വയം ചാര്‍ത്തിയെടുക്കുന്നത്.
ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോം ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. ഫെബ്രുവരി 20 ന് എറണാകുളത്ത് ചേര്‍ന്ന കോം ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് നവമാധ്യമ ലോകത്തെ നിര്‍ണായകമായ ഇടപെടലിന് തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാന ട്രഷര്‍ കെ കെ ബിജ്‌നുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെ കെ ശ്രീജിത്, മുന്‍ പ്രസിഡന്റും കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ഷാജൻ സ്കറിയ, ആര്‍ രതീഷ്, സോയിമോൻ എന്നിവര്‍ പ്രസംഗിച്ചു.
തട്ടിക്കൂട്ട് ഓണ്‍ലൈന്‍ ന്യൂസ് പോർട്ടൽ വെബ്‌സൈറ്റുകളെ നിയന്ത്രിക്കണമെന്ന് കോം ഇന്ത്യ
Advertisement

Advertisement

Advertisement

