breaking news New

ഇറക്കുമതി ചുങ്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന : വ്യാപാര യുദ്ധം ആരംഭിച്ചു !!

യുദ്ധം ആണ് വേണ്ടതെങ്കില്‍ പോരാടാന്‍ തയാറാണെന്ന് ചൈന. അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തില്‍ ഒരു സന്ദേശം ഡോണള്‍ഡ് ട്രംപിന് നല്‍കിയിരിക്കുന്നത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു എംബസിയുടെ യുദ്ധത്തിനും തയാറാണെന്ന രീതിയിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

”പ്രശ്‌നം പരിഹരിക്കാന്‍ യുഎസിന് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍, പരസ്പരം തുല്യമായി പരിഗണിച്ച് ചൈനയുമായി കൂടിയാലോചിക്കുക എന്നതാണ് ശരിയായ കാര്യം. അമേരിക്ക ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കില്‍, അത് താരിഫ് യുദ്ധമോ, വ്യാപാരയുദ്ധമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമോ ആകട്ടെ, അവസാനം വരെ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്,” ചൈനീസ് എംബസിയുടെ എക്സിന്റെ പോസ്റ്റില്‍ പറയുന്നു.

രാജ്യത്തിന്റെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ചൈനയുടെ പ്രതിരോധ നടപടികള്‍ പൂര്‍ണ്ണമായും നിയമാനുസൃതവും ആവശ്യവുമാണെന്ന് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധിക്ക് ഉത്തരവാദി മറ്റാരുമല്ല യുഎസാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ അംഗീകരിക്കുന്നതിനുപകരം ചൈനയെ കുറ്റപ്പെടുത്താനും ഇറക്കുമതി ചുങ്കത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനുമാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദേശ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപ് ഭരണകൂടം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ താരിഫുകള്‍ക്കെതിരായ ചൈനയുടെ പ്രതികാര നടപടികളില്‍ ബീജിംഗിലേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതികാര താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. സോയാബീന്‍, ചോളം മുതല്‍ ഡയറി, ബീഫ് വരെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍ അധിക തീരുവ ചുമത്തുമെന്ന് ചൈനയുടെ ധനമന്ത്രാലയം അറിയിച്ചിരുന്നു.

പന്നിയിറച്ചി, ബീഫ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവക്ക് ചൈനയില്‍ 10 ശതമാനം പ്രതികാര തീരുവ നേരിടേണ്ടിവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചിക്കന്‍, ഗോതമ്പ്, ധാന്യം, പരുത്തി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്ന് ചൈനീസ് ധനമന്ത്രാലയം അറിയിച്ചു. താരിഫുകള്‍ക്കൊപ്പം, 25 യുഎസ് സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി, നിക്ഷേപ നിയന്ത്രണങ്ങളും ചൈന ഏര്‍പ്പെടുത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5