ലഹരിപദാര്‍ത്ഥങ്ങളോട് എളുപ്പത്തില്‍ ചായ്‌വ് ഉണ്ടാവുന്ന സാഹചര്യമാണോ കുട്ടിക്ക് എന്ന് നിരീക്ഷിക്കണം. കുട്ടിക്കുണ്ടാകുന്ന പെരുമാറ്റ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടറിഞ്ഞ് പരിഹരിക്കണം. ഹൈപ്പര്‍ ആക്ടിവിറ്റി, ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകളെല്ലാം നേരത്തെ കണ്ടെത്തണം, പരിഹരിക്കണം. ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികള്‍ ലഹരിക്ക് മുന്നില്‍ ദുര്‍ബലരാകും.
കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ കലകളിലും കായിക ഇനങ്ങളിലും പരിശീലനം നല്‍കണം. അവരുടെ താല്‍പര്യമനുസരിച്ച് ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തണം. രണ്ടാം ക്ലാസ് മുതലെങ്കിലും കുട്ടികളോട് എന്താണ് ലഹരി എന്നും എന്തൊക്കെയാണ് അതിന്റെ ദോഷങ്ങള്‍ എന്നും ലഘുവായി പറഞ്ഞ് മനസ്സിലാക്കണം. 10 വയസ്സിനുള്ളില്‍ കുട്ടികളുടെ ഉള്ളില്‍ ലഹരിക്കെതിരായ ചിന്ത പ്രതിഷ്ഠിക്കാന്‍ സാധിക്കണം.
ബീഡി ,സിഗരറ്റ് , പാന്‍മസാല, ബിയര്‍ തുടങ്ങിയവയുടെ ഉപയോഗം നിസ്സാരമാണെന്ന് കരുതി തള്ളരുത്. അവ വലിയ ലഹരിയിലേക്ക് തുറക്കുന്ന വാതിലുകളാകാം. കുട്ടിയും മാതാപിതാക്കളും തമ്മില്‍ എല്ലാം തുറന്നുപറയാന്‍ സാധിക്കണം. പരീക്ഷയിലെ തോല്‍വിയോ മറ്റു മാനസിക സംഘര്‍ഷങ്ങളോ ഉണ്ടായാല്‍ ലഹരിയില്‍ അഭയം പ്രാപിക്കാതെ വീട്ടില്‍ പറയാന്‍ അവസരം ഉണ്ടാകണം. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭയപ്പെടുന്ന അവസ്ഥ വീട്ടില്‍ ഉണ്ടാകരുത്. എന്തു സംഭവിച്ചാലും അത് തുറന്നു പറഞ്ഞാല്‍ മാനസിക പിന്തുണ വീട്ടില്‍ നിന്ന് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.
അവരുടെ ബാഗ്, ലഞ്ച് ബോക്‌സ്, വസ്ത്രങ്ങള്‍ എന്നിവയില്‍ ഒരു കണ്ണ് വേണം. പരിചയമില്ലാത്ത ഗന്ധം, പൊടി തുടങ്ങിയവയുണ്ടോ എന്ന് നോക്കണം. എന്നാല്‍ സദാ സമയവും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിശ്വാസമില്ലാത്ത വിധം നിരീക്ഷണത്തിന് വിധേയമാക്കുന്നത് കുട്ടികളും മാതാപിതാക്കളും തമ്മില്‍ അകല്‍ച്ചയ്‌ക്കിടയാക്കും. സ്ഥിരമായ ക്ഷീണം, ഉറക്കമില്ലായ്മ, തുടര്‍ച്ചയായ ഉറക്കം, മന:പ്പൂര്‍വ്വമായി മാതാപിതാക്കളോട് സൂക്ഷിക്കുന്ന അകലം, അമിത ദേഷ്യം, അസഹിഷ്ണുത, മുറി അടച്ചുള്ള ഇരിപ്പ് എന്നിങ്ങനെയുള്ള അസ്വാഭാവിക രീതികള്‍ നിരീക്ഷിക്കണം. തുറന്നു സംസാരിക്കണം.
പഠനത്തില്‍ താല്‍പര്യം കുറയുക, പല കള്ളങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുക, സ്വന്തം സാധനങ്ങള്‍ വില്‍ക്കുക, മോഷണശ്രമം നടത്തുക, പുതിയ രഹസ്യ സൗഹൃദങ്ങള്‍ ഉണ്ടാക്കുക, പ്രായത്തിന് യോജിക്കാത്ത തരത്തില്‍ മുതിര്‍ന്ന സുഹൃത്തുക്കള്‍ വരിക തുടങ്ങിയവയെല്ലാം ലഹരി ഉപയോഗ ലക്ഷണങ്ങളാകാം. ഗുളിക, സിഗരറ്റ്, സിറിഞ്ച്, ഉപയോഗമില്ലാത്ത എടിഎം കാര്‍ഡ് എന്നിവ കൈവശം സൂക്ഷിക്കുന്നത് ശ്രദ്ധിക്കണം. പൊടി പോലെയുള്ള ലഹരിവസ്തു ഉപയോഗിക്കുന്നവര്‍ പഴയ എടിഎം കാര്‍ഡ് പോലെയുള്ളവ കരുതും. മൊബൈല്‍ ഫോണിന്റെ ചില്ലിലോ വശങ്ങളിലോ പൊടി പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അടികരിഞ്ഞ സ്പൂണ്‍, ലൈറ്റര്‍ , ചുരുട്ടിയ നോട്ടുകള്‍, പഴയ ലോട്ടറികള്‍, ഉപയോഗിച്ച ഒട്ടേറെ ടിഷ്യൂ പേപ്പര്‍, ഒന്നിലധികം തൂവാലകള്‍ എന്നിവ ബാഗിലോ മുറിയിലോ കണ്ടാല്‍ ശ്രദ്ധിക്കണം.
കൈകളിലോ ദേഹത്തോ കുത്തിവെയ്‌പ്പിന്റെ പാടുകളോ അസാധാരണമായി നിറവ്യത്യാസമോ കണ്ടാല്‍ നിരീക്ഷിക്കണം. മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ സമയത്തും സ്വെറ്റര്‍ ധരിക്കുന്നവരിലും ശ്രദ്ധ വേണം. ലഹരി സംഘങ്ങളുമായി ബന്ധപ്പെടാനും ലഹരിമരുന്ന് വാങ്ങാനും പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കുന്ന മാധ്യമം ഡാര്‍ക്ക് വെബ്ബ് ആണ്. അദ്ധ്യാപകരും മാതാപിതാക്കളും പൊതുവേ ഇക്കാര്യത്തില്‍ അജ്ഞരാണെന്ന ആനുകൂല്യം അവര്‍ മുതലെടുക്കുന്നു. മക്കള്‍ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുന്നു എന്നല്ലാതെ എന്ത് ചെയ്യുന്നു എന്നു കൂടി അറിയണം.
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. കുട്ടികളുടെ ഫോണ്‍ പരിശോധിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടാല്‍ രക്ഷിതാക്കളുടെ പ്രതികരണം പ്രധാനമാണ്. കുട്ടി ക്ഷമിക്കാനാവാത്ത വിധം കുറ്റം ചെയ്തുവെന്ന മട്ടില്‍ തട്ടിക്കയറരുത്. തെറ്റ് ചെയ്തതിലാണ് അതൃപ്തി വേണ്ടത്.’ തെറ്റ് ചെയ്ത കുട്ടിയിലല്ല.
എങ്ങനെയാണ് അവര്‍ ലഹരി ഉപയോഗിക്കാന്‍ ഇടയായതെന്ന് അനുതാപപൂര്‍വ്വം അന്വേഷിച്ചറിയണം. കുറ്റപ്പെടുത്താതെ ശാന്തമായും സമാധാനത്തോടെയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. കുട്ടികളുടെ വികാരങ്ങളെ അംഗീകരിക്കണം. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ സ്വഭാവ ദൃഢതാ പരിശീലനം നല്‍കണം. തനിക്ക് അനാരോഗ്യകരമായ ഒരു കാര്യം ചെയ്യാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാല്‍ സൗഹൃദം മുറിഞ്ഞു പോകാതെ തന്നെ ‘സാധ്യമല്ല’ എന്ന് പറയാനുള്ള നിപുണതയാണ് സ്വഭാവ ദൃഢത. മാനസിക സമ്മര്‍ദ്ദം ആണെങ്കില്‍ ചികിത്സ നല്‍കണം. പഠനപ്രശ്‌നം കാരണമാണെങ്കില്‍ അദ്ധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തി കുട്ടിയെ സഹായിക്കാന്‍ ഇടപെടണം. ഏത് പ്രതിസന്ധിയിലും നിനക്ക് ഞങ്ങളുണ്ട് എന്ന സന്ദേശം നല്‍കി കുട്ടിയെ ചേര്‍ത്തുപിടിക്കണം. ചെറുപ്രായം മുതല്‍ അരമണിക്കൂര്‍ എങ്കിലും കുട്ടികളോടൊപ്പം ചെലവഴിക്കണം ഈ സമയം കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം.
ലഹരി ഉപയോഗിക്കുന്ന തുടക്കക്കാരനാണെങ്കില്‍ കൗണ്‍സലിങ് മതിയാകും.
കൗണ്‍സലിങ്ങിലൂടെയും തെറാപ്പികളിലൂടെയും പരിഹാരം കണ്ടെത്താനാവുന്നില്ലെങ്കില്‍ ശാരീരിക- മാനസിക ചികിത്സ തന്നെ വേണ്ടിവരും. തലച്ചോറിനെ കൂടി ബാധിച്ച രോഗം എന്ന നിലയില്‍ സമയമെടുത്ത് സമഗ്രമായി ചികിത്സ നടത്തേണ്ടതുണ്ട്. പെട്ടെന്ന് ഫലം കണ്ടെത്തണമെന്നില്ല. ചിട്ടയായ ചികിത്സയിലൂടെ ലഹരിയില്‍ നിന്ന് മോചനം സാധ്യമാകും.
(ട്രെയിനറും മെന്ററുമാണ് ലേഖകന്‍. നാല് പതിറ്റാണ്ടായി ലഹരി വിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു)
രാസലഹരികള്‍ സമൂഹത്തില്‍ ദുരന്തം വിതയ്‌ക്കുന്നു : ഒറ്റത്തവണ ഉപയോഗം മതി ജീവിതം തകിടം മറിയാൻ : ഈ സര്‍വ്വനാശം വിതയ്‌ക്കുന്ന ലഹരിക്കെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം : കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക ...
Advertisement

Advertisement

Advertisement

