13,000 രൂപ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്നയാളാണ് 21 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ ഹര്‍ഷല്‍ കുമാര്‍ ശിര്‍സാഗര്‍ വന്‍ തുക തട്ടിയെടുത്ത് കാമുകിക്കായി ആഡംബര കാറുകളും നാല് ബിഎച്ച്കെ ഫ്‌ലാറ്റും വാങ്ങി നല്‍കുകയായിരുന്നു. ഹര്‍ഷല്‍ കുമാര്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
കഴിഞ്ഞ ജൂലായ് ഒന്നിനും ഡിസംബര്‍ ഏഴിനും ഇടയിലായി 13 ബാങ്ക് അക്കൗണ്ടുകളിലേയ്ക്കായി 21.6 കോടി രൂപയാണ് ഹര്‍ഷല്‍ കൈമാറ്റം നടത്തിയത്. തട്ടിപ്പിന് ഹര്‍ഷലിന് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകയായ യശോദ ഷെട്ടി, ഭര്‍ത്താവ് ബി കെ ജീവന്‍ എന്നിവര്‍ അറസ്റ്റിലായി. കൃത്യമായ പ്‌ളാനിംഗിലൂടെയാണ് 23കാരനായ യുവാവ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. സര്‍ക്കാര്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഇമെയില്‍ അഡ്രസില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ പഴയ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് ബാങ്കിന് ഇമെയില്‍ സന്ദേശം അയയ്ക്കുകയാണ് ഹര്‍ഷല്‍ ആദ്യം ചെയ്തത്.
ഇതിന് മുന്നോടിയായി സ്പോര്‍ട്സ് കോംപ്ലക്സിന്റെ അക്കൗണ്ടിന് സമാനമായ വിലാസത്തില്‍ പുതിയൊരു ഇമെയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു.ലെറ്റര്‍ ഹെഡിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഇമെയില്‍ അഡ്രസ് മാറ്റി നല്‍കി. ഇതോടെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വരുന്ന ഒടിപികളും മറ്റും ഹര്‍ഷലിനും ലഭ്യമാകുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യവും ലഭ്യമാക്കി.
തട്ടിയെടുത്ത പണം ഉപയോഗിച്ച് 1.2 കോടി രൂപയുടെ ബിഎംഡബ്‌ള്യു കാര്‍, 1.3 കോടിയുടെ എസ്യുവി, 32 ലക്ഷത്തിന്റെ ബിഎംഡബ്‌ള്യു ബൈക്ക് എന്നിവ യുവാവ് സ്വന്തമാക്കി. കാമുകിക്ക് ഛത്രപതി സാംബാജി നഗര്‍ എയര്‍പോര്‍ട്ടിന് സമീപത്തായി നാല് ബിഎച്ച്കെ ആഡംബര ഫ്‌ലാറ്റും, ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ചു.സാമ്പത്തിക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. തട്ടിയെടുത്ത പണംകൊണ്ട് വാങ്ങിയ വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്പോര്‍ട്സ് കോംപ്ലക്സിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് കാമുകിക്ക് ആഡംബര ഫ്‌ളാറ്റും ഡയമണ്ട് ആഭരണങ്ങളും സമ്മാനിച്ച 23കാരന്‍ ഒളിവില്‍ !!
Advertisement
Advertisement
Advertisement