അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരെ ഒഴിപ്പിക്കാനുള്ള പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി. 11 ലക്ഷത്തോളം പേരെയാണ് നാട് കടത്തേണ്ടത്. ഇതിനായി വന്‍ സന്നാഹങ്ങള്‍ ഒരുക്കാനാണ് ട്രംപ് തീരുമാനിച്ചിട്ടുള്ളത്.
ലക്ഷക്കണക്കിനുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കാനായി പട്ടാളത്തെ ഇറക്കാനാണ് നിയുക്ത പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തന്നെ ഉയരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും നീക്കമുളളതായി സൂചനയുണ്ട്. അതിര്‍ത്തികള്‍ അടച്ച് ഇനിയങ്ങോട്ട് അനധികൃത കുടിയേറ്റക്കാരെ തടയാനും ട്രംപ് വന്‍ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിവരങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത് ടോം ഫിറ്റണ്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്.
ഡൊണാള്‍ഡ് ട്ര്ംപും ഇക്കാര്യം ശരിയാണെന്നും വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുമെന്ന് മാത്രമല്ല ഇത്തരത്തില്‍ അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ നാട് കടത്തുമെന്നും നേരത്തേ ട്രംപ് പലവട്ടം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ തന്നെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ 11 ദശലക്ഷം കുടിയേറ്റക്കാരെ നാട് കടത്തുമെന്നാണ് ട്രംപ് പറഞ്ഞത്. ഇത് എന്ത് വില നല്‍കിയും നടപ്പിലാക്കും എന്നും നിയുക്ത പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മെക്സിക്കോയുടെ പേര് എടുത്തു പറയാതെ മയക്കുമരുന്ന് മാഫിയകള്‍ തകര്‍ത്തെറിഞ്ഞ രാജ്യത്തേക്ക് തന്നെയാണ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവര്‍ തിരികെ പോകേണ്ടതെന്നും ട്രംപ് അന്ന് നിലപാട് വ്യക്തമാക്കിയിരുന്നു.
11 ദശലക്ഷം കുടിയേറ്റക്കാരെ നാട്കടത്താന്‍ ഏതാണ്ട് 315 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ കണക്ക് കൂട്ടുന്നത്. മാത്രമല്ല ഇത്രയും പേര്‍ രാജ്യം രാജ്യം വിട്ട് പോകുമ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന മേഖലകളില്‍ പകരം തൊഴിലാളികളെ കണ്ടെത്തുക എന്നതും ശ്രമകരമായ ജോലിയായിരിക്കും. ഇപ്പോള്‍ ഫ്ളോറിഡയിലെ മാര്‍ എ ലഗോയിലെ വീട്ടില്‍ ഇരുന്ന് അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നതിനുള്ള പദ്ധതികള്‍ ട്രംപ് തയ്യാറാക്കുകയാണ്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി അടയ്ക്കാനും ട്രംപ് ആലോചിക്കുന്നുണ്ട്. ജോബൈഡന്‍ ഭരണകൂടം ഒരു കോടിയോളം അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിച്ചു എന്നാണ് ട്രംപ് ആരോപിക്കുന്നത്.
ഇതോടെ രാജ്യത്തെ മൊത്തം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2 കോടിയില്‍ അധികമായി എന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. മെക്സിക്കോയോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാനും നീക്കമുണ്ട്. ഇവിടെ അശ്വാരൂഡരായ സൈനികരെ റോന്ത് ചുറ്റാനായി നിയോഗിക്കും. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒരു കൂററന്‍ മതില്‍ തീര്‍ക്കാനുള്ള ട്രംപിന്റെ ആദ്യ ഭരണകാലത്തെ തീരുമാനം ശക്തമായി നടപ്പിലാക്കാനും തീരുമാനം ആയിട്ടുണ്ട്. അന്ന് പണി ആരംഭിച്ച മതിലിന്റെ നിര്‍മ്മാണം ബൈഡന്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരുന്നു. അമേരിക്കയിലെ അധോലോക സംഘങ്ങളുമായി ബന്ധമുള്ള അനധികൃത കുടിയേറ്റക്കാരെ ആയിരിക്കും ആദ്യം ഒഴിപ്പിക്കുക എന്നാണ് കരുതപ്പെടുന്നത്.
1798 ല്‍ അമേരിക്കന്‍ പാര്‍ലമൈന്റ് പാസാക്കിയ ഏലിയന്‍ എനിമീസ് ആക്ട് ഇതിനായി പ്രയോഗിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ശത്രു രാജ്യങ്ങളില്‍ നിന്നെത്തി അമേരിക്കയില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യാനും നാടു കടത്താനും പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ നിയമം. വെനിസ്വേല, ഹെയ്ത്തി, ക്യൂബ, നിക്കര്വാഗ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരെ ആയിരിക്കും ആദ്യം നാട് കടത്തുന്നത് എന്നാണ് ട്രംപിനോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇവര്‍ ഏഴ് ലക്ഷത്തോളം വരും. രണ്ടം ഘട്ടമായി നാട് കടത്താനുള്ള പട്ടികയില്‍ പെട്ട 10 ലക്ഷം പേരെ ആയിരിക്കും പുറത്താക്കുക. മൂന്നാംഘട്ടമായി കൃഷിയിടങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ നാട് കടത്തും.
ഇവരെ പാര്‍പ്പിക്കാനായി പ്രത്യേക ക്യാമ്പുകള്‍ തീര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്ന് വരികയാണ്. അമേരിക്കയിലെ തന്നെ മനുഷ്യാവകാശ സംഘടനകളും അഭയാർത്ഥികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും ഇതിനെതിരെ പ്രതിഷേധ സ്വരം ഉയര്‍ത്തുകയാണ്.
അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്
Advertisement
Advertisement
Advertisement