മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ( ജി.ആര്‍.എ.പി) നാല്അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം വരെ ജി.ആര്‍.എ.പി മൂന്ന് അനുസരിച്ചുള്ള നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഡല്‍ഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കുയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. രാവിലെ ആറുമണിക്ക് ഡല്‍ഹിയിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് കൂടുതല്‍ കര്‍ശന നടപടികളെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഇന്ന് രാവിലെ എട്ടുമണിമുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. നിയന്ത്രണങ്ങള്‍ പ്രകാരം എല്ലാതരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിടം പൊളിക്കലുകള്‍ക്കും നിരോധനം വന്നു. ഇതോടെ സംസ്ഥാനത്തെ സുപ്രധാന വികസന പദ്ധതികള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലെത്തി. ആറ് അടിപ്പാതയും ബൈപ്പാസുകളുമാണ് ഡല്‍ഹിയില്‍ നിര്‍മിക്കാനിരുന്നത്. അവ നിര്‍ത്തിവെക്കും. ഡല്‍ഹിയിലെ ഗതാഗത തിരക്ക് കുറയ്‌ക്കന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതികളായിരുന്നു ഇവ.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തവ ഉള്‍പ്പെടെ ബിഎസ് -4 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങളെയും ഇനി നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കുകള്‍, ലഘു വാണിജ്യ വാഹനങ്ങള്‍ എന്നിവയേയും ഡല്‍ഹി തലസ്ഥാന മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇളവനുവദിക്കു.
എല്ലാ ക്ലാസുകളിലും പഠനം ഓണ്‍ലൈനിലേക്ക് മാറ്റണമെന്നതാണ് നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതില്‍ 10, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഓഫ്‌ലൈന്‍ ക്ലാസുകളുണ്ടാകുക. ഇതിന് പുറമെ എല്ലാ പൊതു- സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി കുറയ്‌ക്കും. ഒരുദിവസം പാതി ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവു എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ആയി ജോലി ചെയ്യണം. ഇതിന് പുറമെ സംസ്ഥാനത്തെ അത്യാവശ്യമല്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളെക്കൂടി അനിശ്ചിത കാലത്തേക്ക് അടച്ചിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വായുമലിനീകരണം അതിരൂക്ഷമായതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് ഡൽഹി സര്‍ക്കാര്‍
Advertisement
Advertisement
Advertisement