ഭക്ഷണ പദാർഥങ്ങളിൽ എന്തെങ്കിലും ചെറിയൊരു വിഷ പദാർഥമുണ്ടെങ്കിൽ അതിനെ നിർവീര്യമാക്കാൻ കെൽപ്പുള്ളതാണ് മഞ്ഞളെന്നും അതുകൊണ്ട് തന്നെ കറികളിലും മറ്റും മഞ്ഞളുപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നുമൊക്കെ പഴമക്കാർ പറഞ്ഞ് നമ്മളിൽ പലരും കേട്ടു കാണും. കാര്യം ശരി തന്നെ, തർക്കമില്ല. പക്ഷേ, ആ മഞ്ഞൾ നമ്മുടെ മാർക്കറ്റിൽ കിട്ടുന്ന മഞ്ഞളല്ല. അത് നല്ല ശുദ്ധമായ ജൈവ മഞ്ഞൾ. അല്ലാതെ മാർക്കറ്റിൽ കിട്ടുന്ന പാക്കറ്റ് മഞ്ഞളല്ല. പായ്ക്കറ്റ് മഞ്ഞളിലും നല്ലതുണ്ടാകാം, എങ്കിലും ഭൂരിഭാഗവും വ്യാജനെന്നാണ് ഇന്ത്യൻ വിപണിയിലെ മഞ്ഞളിനെക്കുറിച്ച് അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റ് നടത്തിയ പഠനത്തിൽ പറയുന്നത്. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ മഞ്ഞളിൽ അപകടകരമാം വിധം ലെഡിൻ്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഇവർ. മനുഷ്യർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് ലെഡ്.
ഇന്ത്യയിലെ അനുവദിക്കപ്പെട്ട ഭക്ഷണത്തിലെ ലെഡിൻ്റെ അളവ് 10 മൈക്രോഗ്രാം ആണെന്നിരിക്കെ പാറ്റ്‌നയിൽ നിന്ന് ശേഖരിച്ച ഒരു പായ്ക്കറ്റ് മഞ്ഞൾ സാമ്പിളിൽ 2,274 മൈക്രോഗ്രാം ലെഡ് സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളതെന്നത് പ്രശ്നത്തിൻ്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്. അനുവദനീയമായതിൽ നിന്നും ഒരു ശതമാനം കൂടിയാൽ പോലും ലെഡ് മനുഷ്യ ശരീരത്തിന് ദോഷം ചെയ്യുമെന്നുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകൾക്കിടെയാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ പുറത്തുവരുന്നത്. മഞ്ഞളിലെ ഈ ലെഡിൻ്റെ സാന്നിധ്യത്തിനു പിന്നിൽ മായം ചേർക്കലാണെന്നാണ് നിഗമനം. മഞ്ഞളിൻ്റെ സ്വാഭാവിക മഞ്ഞ നിറം വർധിപ്പിക്കാനായി ആഹാരപ്രദമല്ലാത്ത ലെഡ് ക്രോമേറ്റ് മഞ്ഞളിൽ വൻതോതിൽ ചേർക്കപ്പെടുന്നതാണ് ലെഡിൻ്റെ സാന്നിധ്യം പായ്ക്കറ്റ് മഞ്ഞളിൽ കൂടാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
അതുകൊണ്ട് ഭക്ഷണത്തിൽ ഉപയോഗിക്കാനായി പായ്ക്കറ്റ് മഞ്ഞൾ നമ്മൾ ഉപയോഗിക്കുമ്പോൾ എപ്പോഴും രണ്ടു വട്ടം ചിന്തിക്കുകയും കഴിവതും ജൈവ മഞ്ഞൾ ഉപയോഗിക്കുകയും ചെയ്യുക.
ഇന്ത്യൻ മാർക്കറ്റിലെ മഞ്ഞളാളത്ര സേഫല്ലെന്ന് പഠനം !!
Advertisement
Advertisement
Advertisement