breaking news New

ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഭക്ഷണ മെനുവിൽ ആരോഗ്യകരമായ വിഭവങ്ങൾ നിർബന്ധമാക്കി അബൂദബി സാംസ്‌കാരിക – ടൂറിസം വകുപ്പ് പുതിയ ഉത്തരവിറക്കി

ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ടൂറിസം ലൈസൻസുള്ള എല്ലാ ഹോട്ടലുകളിലും ഭക്ഷണശാലകളിലും മെനുവിൽ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്. മുതിർന്നവരുടെ മെനുവിലെ അപ്പറ്റൈസറുകൾ, സൈഡ് ഡിഷുകൾ, പ്രധാന വിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയിലെല്ലാം കുറഞ്ഞത് ഒരു ആരോഗ്യകരമായ ഭക്ഷണമെങ്കിലും ഉൾപ്പെടുത്തണം.

അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ “സിഹ്ഹി’ മാനദണ്ഡങ്ങൾ പാലിക്കുന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും പോഷകസമൃദ്ധവുമായ വിഭവങ്ങളാണ് ഇതിനായി ഉൾപ്പെടുത്തേണ്ടത്. കുട്ടികളുടെ മെനുവിൽ പകുതിയെങ്കിലും ഇത്തരം ആരോഗ്യകരമായ വിഭവങ്ങൾ ഉണ്ടായിരിക്കണം. ഇത്തരം വിഭവങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനായി സിഹ്ഹി ലോഗോ മെനുവിൽ പ്രദർശിപ്പിക്കുകയും വേണം.

നിശ്ചിത മെനുവില്ലാത്ത ബുഫെ സംവിധാനങ്ങൾ, പ്രത്യേക ടേസ്റ്റിംഗ് മെനുകൾ, വളരെ കുറച്ചു വിഭവങ്ങൾ മാത്രമുള്ള ചെറിയ ഔട്ട്ലെറ്റുകൾ, പാനീയങ്ങൾ മാത്രം വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയെ പുതിയ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്‌കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, പൊതുസ്ഥലങ്ങളിലെ പരസ്യങ്ങൾ എന്നിവയിൽ നേരത്തെ നടപ്പാക്കിയ ആരോഗ്യ നയങ്ങളുടെ തുടർച്ചയായാണ് വിനോദസഞ്ചാര മേഖലയിലെ ഭക്ഷണശാലകളിലും പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നത്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t