breaking news New

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഏത്തവാഴ കൃഷിക്ക് വ്യാപക നാശമുണ്ടായതോടെ ഇക്കുറി ഓണവിപണിയില്‍ ഉപ്പേരിയും ചിപ്പ്സും തൊട്ടാൽ പൊള്ളും !!

വിളവെടുപ്പിന് പാകമായ ഏത്തവാഴകള്‍ മഴയിലും വെള്ളക്കെട്ടിലും നശിച്ചതോടെ നാടന്‍ ഏത്തക്കായുടെ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് വിപണിയില്‍ വില ഉയരാന്‍ കാരണം.

ഓണം അടുക്കുന്നതോടെ ആവശ്യകത കൂടുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വെളിച്ചെണ്ണയില്‍ വറുത്തെടുത്ത നാടന്‍ ഏത്തക്കായുടെ ഉപ്പേരിക്ക് നിലവില്‍ കിലോയ്‌ക്ക് 440 രൂപയാണ് വില. പാം ഓയിലില്‍ വറുത്ത ഉപ്പേരിക്ക് 360 രൂപയും ശര്‍ക്കരവരട്ടിക്ക് 400 രൂപയുമാണ് ഈടാക്കുന്നത്. ഓണവിപണിയില്‍ ചിപ്‌സിനും ഉപ്പേരിക്കും ആവശ്യകത വര്‍ധിക്കുന്നതോടെ വില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിത മഴയ്‌ക്ക് പിന്നാലെ വെള്ളം ഇറങ്ങിയെങ്കിലും കൃഷിയിടങ്ങളില്‍ നാശം തുടരുകയാണ്. ആറ്റുതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലെ പുരയിടങ്ങളിലും പാടശേഖരങ്ങളിലും കൃഷി ചെയ്തിരുന്ന വിളവെടുപ്പിന് പാകമായ ഏത്തവാഴകളാണ് ഏറെയും നശിച്ചത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഴകള്‍ വാടിയൊടിഞ്ഞുവീണതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. ഏറെ പ്രതീക്ഷയോടെ ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയാണ് മഴയില്‍ നശിച്ചത്.

നാടന്‍ ഏത്തക്കായുടെ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള കുലകളെയാണ് വ്യാപാരികള്‍ കൂടുതലായി ആശ്രയിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍നിന്നും വയനാട്ടില്‍നിന്നുമുള്ള കുലകളാണ് വിപണിയിലെത്തുന്നത്. തമിഴ്‌നാടന്‍ കുലയ്‌ക്ക് ഏകദേശം 60 രൂപയും വയനാടന്‍ കുലയ്‌ക്ക് 70 രൂപയുമാണ് നിലവിലെ വില. എന്നാല്‍ നാടന്‍ ഏത്തക്കായുടെ വില ഇതിനകം കിലോയ്‌ക്ക് 100 രൂപയിലെത്തി.

അസംസ്‌കൃത വസ്തുവിന്റെ വില ഉയരുന്നതിനൊപ്പം പാചക എണ്ണ, തൊഴിലാളിക്കൂലി തുടങ്ങിയ ചെലവുകളും വര്‍ധിക്കുന്നതിനാല്‍ ഓണവിപണിയില്‍ ഉപ്പേരിക്ക് വില ഇനിയും ഉയരാനുള്ള സാധ്യതയുമാണ് നിലനിൽക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t