ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപം കേരളത്തിലേക്ക് പോയ മറ്റൊരു കെഎസ്ആര്‍ടിസി ബസിന് നേരെ കവര്‍ച്ചാ സംഘം മുട്ടയേറ് നടത്തിയതോടെയാണ് ഓഗസ്റ്റ് 8-നുണ്ടായ അപകടത്തിന് പിന്നിലും ഇത്തരം ആക്രമണമുണ്ടോയെന്ന സംശയം ശക്തമായത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി.
ഓഗസ്റ്റ് എട്ടിന് കോഴിക്കോട് - ബെംഗളൂരു ഡീലക്സ് ബസ് അപകടത്തില്‍പ്പെട്ട് പൂര്‍ണമായി തകര്‍ന്നിരുന്നു. പ്രാഥമിക പരിശോധനയില്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍, വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ വിന്‍ഡ് സ്‌ക്രീനിലേക്ക് മുട്ടയേറുണ്ടായതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 8 ലെ അപകടത്തെക്കുറിച്ചും ഇന്നലെയുണ്ടായ ആക്രമണത്തെക്കുറിച്ചും കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കി. ബിഡദിയിലെ മലയാളി സമാജവും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ഡീലക്സ് ബസിന് നേരെ ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് പുതിയ ആക്രമണമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ബസിന്റെ മുന്നിലെ ഗ്ലാസിന് നേരെ മുട്ടയെറിയുകയായിരുന്നു. അറുപതോളം യാത്രക്കാരുമായി എക്സ്പ്രസ് വേയിലൂടെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ മുട്ട പതിച്ചയുടന്‍, ഇത് കവര്‍ച്ചാ ശ്രമമാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ കാസര്‍കോട് വെള്ളിക്കോത്ത് സ്വദേശി സുരേഷ് പെട്ടെന്ന് വേഗത കുറച്ചു. വൈപ്പര്‍ ഉപയോഗിച്ചാല്‍ മുട്ട പടര്‍ന്ന് കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെടുമെന്ന് മനസ്സിലാക്കി വൈപ്പര്‍ ഇടാതെ, ബസ് ഒരു കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച് വെളിച്ചമുള്ള സുരക്ഷിത സ്ഥലത്ത് ഒതുക്കി നിര്‍ത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അക്രമി സംഘം ഭയന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലും ധൈര്യപൂർവമായ നിലപാടുമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. തുടർന്ന് ബസിന്റെ ഗ്ലാസ് വൃത്തിയാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
സംഭവത്തിന് പിന്നാലെ ഡ്രൈവർ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ച ശബ്ദസന്ദേശം നിർണായകമായി. ഈ സന്ദേശം ലഭിച്ചതോടെയാണ് ഓഗസ്റ്റ് 8-ന് നടന്ന മാരക അപകടത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കുന്നതിനൊപ്പം ബസിന് നേരെയുണ്ടായ മുട്ടയേറ് സംഭവത്തിനും ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹത : മറ്റൊരു കേരള ബസിന് നേരെ കവർച്ചാസംഘത്തിന്റെ മുട്ടയേറ് ; അപകടത്തിന് പിന്നിലും ആക്രമണമുണ്ടായോയെന്ന് സംശയം ശക്തം !!
Advertisement
Advertisement
Advertisement