ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരേ പാരമ്പര്യ ജനിതക കോഡ് പങ്കുവെക്കുന്നുണ്ടെങ്കിലും, സ്വതന്ത്രമായി നിലനില്‍ക്കാന്‍ ശേഷിയുള്ള ആദ്യ കോശങ്ങള്‍ രൂപപ്പെട്ടത് ഒന്നല്ല, മറിച്ച് രണ്ടുതവണയാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജര്‍മ്മനിയിലെ ഡ്യൂസെല്‍ഡോര്‍ഫ് ഹൈന്റിഷ്-ഹൈന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ എവല്യൂഷനിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ പ്രശസ്ത ശാസ്ത്ര മാസികയായ 'സയന്‍സ് അഡ്വാന്‍സസി'ലാണ് പ്രസിദ്ധീകരിച്ചത്.
ഏകദേശം 400 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സമുദ്രോപരിതലത്തിലെ ഉഷ്ണജല പ്രവാഹ കേന്ദ്രങ്ങളില്‍ നിന്ന് ബാക്ടീരിയ, ആര്‍ക്കിയ എന്നീ രണ്ടു വ്യത്യസ്ത പ്രഥമ കോശരൂപങ്ങള്‍ വേര്‍തിരിഞ്ഞു എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മുന്‍പ് കരുതപ്പെട്ടിരുന്നതുപോലെ ഈ രണ്ട് ജീവധാരകളും ഒരുമിച്ച് സ്വതന്ത്ര കോശങ്ങളായി മാറുകയായിരുന്നില്ല. സമുദ്രത്തിനടിയിലെ ലോഹ തന്മാത്രകളുടെ രാസപ്രവര്‍ത്തനങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇവ, പിന്നീട് സ്വതന്ത്രമായി അതിജീവിക്കാന്‍ പ്രാപ്തിയുള്ള ജീവശാഖകളായി വേവ്വേറെ വികസിക്കുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജീവശാസ്ത്രജ്ഞ നേറ്റാലിയ മ്രന്‍ജാവെക് വ്യക്തമാക്കുന്നു.
ആദ്യകാല ജീവന്റെ രാസഘടന പുനര്‍നിര്‍മ്മിക്കുന്നതിനായി 420 അടിസ്ഥാന രാസപ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മെറ്റബോളിക് ശൃംഖലയെയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ജീവന്റെ എല്ലാ കോശങ്ങളുടെയും പൊതു പൂര്‍വ്വികനായ 'ലൂക്ക'യ്ക്ക് ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പകുതി എന്‍സൈമുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രൊഫ. വില്യം മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. ബാക്കി പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയിലുണ്ടായിരുന്ന ലോഹങ്ങളാണ് വേഗത്തിലാക്കിയിരുന്നത്. പിന്നീട് ബാക്ടീരിയകളും ആര്‍ക്കിയകളും ഒരേ രാസപ്രവര്‍ത്തനങ്ങള്‍ക്കായി വ്യത്യസ്ത എന്‍സൈമുകള്‍ സ്വതന്ത്രമായി വികസിപ്പിച്ചെടുക്കുകയായിരുന്നു.
ആധുനിക കോശങ്ങള്‍ ഊര്‍ജ്ജത്തിനായി ഉപയോഗിക്കുന്ന എ.ടി.പി തന്മാത്രകള്‍ക്ക് മുന്‍പ് ആദ്യകാല കോശങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിച്ചതിനെക്കുറിച്ചും പഠനം വെളിച്ചം വീശുന്നു. ഹൈഡ്രോതെര്‍മല്‍ വെന്റുകളില്‍ കാണപ്പെടുന്ന ഫോസ്ഫൈറ്റ് എന്ന പദാര്‍ത്ഥം പെല്ലേഡിയം എന്ന ലോഹത്തിന്റെ സാന്നിധ്യത്തില്‍ ജൈവ സംയുക്തങ്ങളുമായി പ്രവര്‍ത്തിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിച്ചിരുന്നുവെന്ന് ഗവേഷകയായ മനോന്‍ ഷ്ലിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍സൈമുകളുടെയോ എ.ടി.പിയുടെയോ സഹായമില്ലാതെ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇത്തരം സ്വാഭാവിക രാസപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നത് ജീവന്റെ ആദ്യകാല പരിണാമത്തെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു.
സങ്കീര്‍ണ്ണമായ ഈ രാസപ്രവര്‍ത്തന ശൃംഖലകളെ ക്രമപ്പെടുത്താന്‍ ന്യൂസിലന്‍ഡിലെ കാന്റര്‍ബറി സര്‍വകലാശാലയിലെയും ജര്‍മ്മനിയിലെ ട്യൂബിംഗന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പുതിയ ഗണിതശാസ്ത്ര മാതൃകകള്‍ വികസിപ്പിച്ചെടുത്തു. ജനിതക കോഡ് ഒന്നാണെങ്കിലും ജീവന്റെ സ്വതന്ത്ര നിലനില്‍പ്പ് രണ്ടുതവണ സമാന്തരമായി സംഭവിച്ചു എന്നതാണ് ഈ പഠനം നല്‍കുന്ന പ്രധാന നിഗമനം. 'നമ്മള്‍ ഒരൊറ്റ ജനിതക കോഡിന്റെ ഉല്‍പ്പത്തിയെയാണ് കാണുന്നതെങ്കിലും, അത് ജീവന്റെ രണ്ട് സ്വതന്ത്ര ഉല്‍പ്പത്തികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്' എന്ന് ഗവേഷകര്‍ അടിവരയിടുന്നു.
ജീവന്റെ ഉൽപ്പത്തിയുടെ രഹസ്യത്തിന് പുതിയ വഴിത്തിരിവ് ; ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഗവേഷകരുടെ കണ്ടെത്തൽ !!
Advertisement
Advertisement
Advertisement