മണിപ്പൂര്‍ സര്‍വകലാശാലയുടെ പേരില്‍ ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പ് സംഘത്തിന്റെ വലയില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരുമാണ് കുടുങ്ങിയിരിക്കുന്നത്. സര്‍വകലാശാലാ അധികൃതരുടെ നാമനിര്‍ദേശമോ തടസ്സങ്ങളോ ഇല്ലാതെ തന്നെ, പ്രതിഫലമായി തുക നല്‍കിയാല്‍ ഡോക്ടറേറ്റ് ബിരുദം വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുമെന്നാണ് സംഘത്തിന്റെ വാഗ്ദാനം.
കോഴിക്കോട്ടെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ലഭിച്ച ഫോണ്‍ കോളിലൂടെയാണ് ഈ വന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമിതി എന്ന വ്യാജ പേരിലാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. അപേക്ഷകരുടെ ബയോഡാറ്റ, മുന്‍പ് ലഭിച്ച അവാര്‍ഡുകളുടെ വിവരങ്ങള്‍, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ ഔദ്യോഗിക രേഖകള്‍ നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കുന്നതും സര്‍വകലാശാല നടപടികള്‍ പൂര്‍ത്തിയാക്കുന്നതുമെല്ലാം സമിതി തനിയെ നോക്കിക്കൊള്ളുമെന്നായിരുന്നു വാഗ്ദാനം.
വിശ്വാസ്യത നേടിയെടുക്കാന്‍ അപേക്ഷകരെ ഉള്‍പ്പെടുത്തി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഇടപാടുകള്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള മലയാളികളാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നത്. സംശയം തോന്നാതിരിക്കാനും പണപ്പിരിവ് സുഗമമാക്കാനും കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകയില്‍ നിന്ന് മാത്രം പണം വാങ്ങാതെ ഒഴിവാക്കി, മറ്റുള്ളവരില്‍ നിന്ന് വന്‍ തുക സമാഹരിക്കുകയായിരുന്നു.
അപേക്ഷിച്ച് അഞ്ച് മാസത്തിനകം തന്നെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി നല്‍കി. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്ത് വച്ച് ഗംഭീര ബിരുദദാനച്ചടങ്ങും സംഘടിപ്പിച്ചു. എന്നാല്‍ ചടങ്ങില്‍ മണിപ്പൂര്‍ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനെത്തിയ വ്യക്തിയെ ഡല്‍ഹി സര്‍വകലാശാലയുടെ ചെയര്‍മാന്‍ എന്നാണ് സംഘാടകര്‍ പരിചയപ്പെടുത്തിയത്. മണിപ്പൂര്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് ഒഴിവില്ലാത്തതിനാലാണ് ഇദ്ദേഹം എത്തിയതെന്ന വിചിത്രമായ ന്യായീകരണവും ഇവര്‍ നല്‍കി. ബിരുദദാനച്ചടങ്ങ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ട് സംഘം അപ്രത്യക്ഷരാവുകയായിരുന്നു.
പണം നല്‍കി സ്വന്തമാക്കാവുന്ന ഒന്നല്ല ഓണററി ഡോക്ടറേറ്റ്. അതതു മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് സര്‍വകലാശാലകള്‍ സ്വമേധയാ നല്‍കുന്ന പരമോന്നത ബഹുമതിയാണിത്. മണിപ്പൂര്‍ സര്‍വകലാശാലയുടെ നിയമപ്രകാരം, ആദ്യമായി അക്കാദമിക് കൗണ്‍സില്‍ ഒരു വ്യക്തിയെ ശുപാര്‍ശ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളില്‍ കുറഞ്ഞത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുന്ന പ്രമേയം വിസിറ്ററുടെ (സര്‍വകലാശാലാ ചാന്‍സലര്‍/രാഷ്ട്രപതി) അംഗീകാരത്തിനായി സമര്‍പ്പിക്കും. അവിടെ നിന്നുള്ള അന്തിമ അനുമതിക്ക് ശേഷമേ ഡോക്ടറേറ്റ് പ്രഖ്യാപിക്കൂ.
സര്‍വകലാശാലയ്ക്ക് പുറത്തുള്ള ഒരു സ്വകാര്യ ഏജന്‍സിക്കോ സമിതിക്കോ ഇതില്‍ യാതൊരു ഇടപെടലും നടത്താന്‍ നിയമപരമായ അവകാശമില്ല. വിദ്യാഭ്യാസ യോഗ്യതയുടെയും സാമൂഹിക പദവിയുടെയും പേരില്‍ തട്ടിപ്പുകാര്‍ ഒരുക്കുന്ന ഇത്തരം വ്യാജ ബഹുമതികളില്‍ ജനങ്ങള്‍ വീഴരുതെന്ന് അധികൃതരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.
പണം എറിഞ്ഞാല്‍ ബിരുദവും ഡോക്ടറേറ്റും തട്ടകത്തിലെത്തിച്ചു നല്‍കുന്ന വന്‍ വ്യാജ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ സജീവമാകുന്നു !!
Advertisement
Advertisement
Advertisement