കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി'യിലാണ് പ്രസ്തുത പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലയോട്ടികളും കൈകാലുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഭയാനകമായ ആരോഗ്യപ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്.
പുരാതന ഈജിപ്ഷ്യന്‍ ശവകുടീരങ്ങളിലെ നിഗൂഢതകളെക്കുറിച്ച് ലോകം കേട്ടുകേള്‍വി കേട്ട 'മമ്മിയുടെ ശാപം' എന്ന ഭയം ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വിപത്തായി മാറുകയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രീകരിച്ച് തഴച്ചുവളരുന്ന മമ്മിമാരുടെയും അപൂര്‍വ്വ മനുഷ്യശരീരഭാഗങ്ങളുടെയും കച്ചവടമാണ് ജീവന് തന്നെ ഭീഷണിയാകുന്ന വന്‍ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍, വ്യക്തിഗത വെബ്‌സൈറ്റുകള്‍, ലേല സ്ഥാപനങ്ങള്‍ എന്നിവ വഴി തികച്ചും രഹസ്യമായും അനധികൃതമായും നടക്കുന്ന ഈ മനുഷ്യശരീരവ്യാപാരം സമീപകാലത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മനുഷ്യശരീരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വായുവില്‍ പടരുന്ന അണുക്കളെക്കുറിച്ചോ അവ ഉയര്‍ത്തുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ യാതൊരു ബോധവുമില്ലാതെയാണ് ഇവ വാങ്ങുന്നവരും വില്‍ക്കുന്നവരും പെരുമാറുന്നത്.
സോഷ്യല്‍ മീഡിയയിലും ഇ-കൊമേഴ്‌സ് സൈറ്റുകളിലുമായി വില്‍പ്പനയ്ക്കു വെച്ച 128 മനുഷ്യശരീരഭാഗങ്ങളുടെ പരസ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇവയില്‍ ഭൂരിഭാഗവും വന്‍തോതില്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്നവര്‍ യാതൊരു മുന്‍കരുതലുകളും നിര്‍ദ്ദേശിക്കുന്നില്ല. വില്‍പ്പനയ്ക്ക് വെച്ച മനുഷ്യശരീര അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും വെട്ടിമാറ്റിയ കൈകളും കാലുകളുമാണ്. ഇതില്‍ 51.6 ശതമാനവും പൂര്‍ണ്ണമായോ ഭാഗികമായോ ഉള്ള മമ്മി ചെയ്യപ്പെട്ട മനുഷ്യതലയോടുകളാണ്. പെറുവിലെയും ഇക്വഡോറിലെയും ഷുവാര്‍ വംശജര്‍ നിര്‍മ്മിച്ചിരുന്ന 'ശോഷിച്ച തലകള്‍' വരെ വന്‍ തുകയ്ക്ക് ഇത്തരം ഓണ്‍ലൈന്‍ വിപണികളില്‍ ലേലത്തിന് വെച്ചിരിക്കുന്നു.
മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പുരാതന കാലം മുതല്‍ പ്രകൃതിദത്തവും കൃത്രിമവുമായ പല രീതികളും ഉപയോഗിച്ചിരുന്നു. ആര്‍സെനിക്, മെര്‍ക്കുറി , ഈയം തുടങ്ങിയ അത്യന്തം വിഷമയമായ വീര്യമേറിയ ലോഹങ്ങള്‍ ഇതിനായി വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം കെമിക്കലുകള്‍ നിറഞ്ഞ പഴകിയ അവശിഷ്ടങ്ങള്‍ നേരിട്ട് സ്പര്‍ശിക്കുന്നത് മാരകമായ വിഷബാധയ്ക്ക് കാരണമാകും. നൂറ്റാണ്ടുകളായി ഉണങ്ങി വരണ്ട അവസ്ഥയിലാണെങ്കിലും ഈ മമ്മികളില്‍ പലതരം സൂക്ഷ്മാണുക്കള്‍ ജീവനോടെ ഉറങ്ങിക്കിടപ്പുണ്ട്. ഇവയെ തൊടുകയോ ഒരിടത്തുനിന്ന് മാറ്റുകയോ ചെയ്യുമ്പോള്‍ വായുവില്‍ പടരുന്ന ഫംഗസ് ശ്വസിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. യാതൊരു സുരക്ഷാകവചവുമില്ലാതെ വീടുകളില്‍ പ്രദര്‍ശനത്തിന് വെക്കുന്ന ഇത്തരം അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തെ മലിനമാക്കുന്നു.
1970-ല്‍ പോളണ്ടിലെ കാസിമിര്‍ നാലാമന്‍ രാജാവിന്റെ ശവകുടീരം തുറന്ന 12 ശാസ്ത്രജ്ഞരില്‍ 10 പേരും മരണമടഞ്ഞത് 'അസ്പര്‍ഗില്ലസ്' എന്ന ഫംഗസ് ശ്വസിച്ചതിനാലാണ്. 1923-ല്‍ തുത്തന്‍ഖാമന്റെ ശവകുടീരം തുറക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ ലോര്‍ഡ് കര്‍നാര്‍വോണിന്റെ മരണത്തിന് പിന്നിലും ഇതേ രോഗബാധയായിരുന്നുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതാണ് പില്‍ക്കാലത്ത് 'മമ്മിയുടെ ശാപം' എന്ന് അറിയപ്പെട്ടത്. സ്റ്റാഫോര്‍ഡ്ഷെയര്‍ സര്‍വ്വകലാശാലയിലെ പ്രൊഫ. കിര്‍സ്റ്റി സ്‌ക്വയര്‍സിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. കച്ചവടക്കാര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളില്‍ പലതിലും മമ്മികള്‍ യാതൊരുവിധ ഗ്ലാസ് കവറോ അനുയോജ്യമായ താപനിലയോ ഇല്ലാതെ സാധാരണ വീടുകളിലെ മുറികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി കണ്ടു.
ഇതില്‍ നിന്നും പുറത്തുവരുന്ന ദുര്‍ഗന്ധം ശരീരം ജീര്‍ണ്ണിക്കുന്നതിന്റെ ലക്ഷണമാണെന്നും അത് വായുവില്‍ പടരുന്നത് അതിഭീകരമായ സാഹചര്യമാണെന്നും പ്രൊഫസര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ അനധികൃത വിപണന ശൃംഖല ഉപയോഗിക്കുന്നത് സാധാരണ പോസ്റ്റല്‍, കൊറിയര്‍ സര്‍വ്വീസുകളെയാണ്. മനുഷ്യശരീരഭാഗങ്ങളാണ് പെട്ടിയിലുള്ളതെന്ന് അറിയാതെ ബാഹ്യസുരക്ഷാ സാമഗ്രികള്‍ ധരിക്കാതെ ഇത് കൈകാര്യം ചെയ്യുന്ന കൊറിയര്‍ ഡ്രൈവര്‍മാര്‍, വെയര്‍ഹൗസ് തൊഴിലാളികള്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവരും മാരകമായ രോഗാണുബാധയുടെയും വിഷാംശങ്ങളുടെയും ഭീഷണിയിലാണ്.
അന്താരാഷ്ട്ര തലത്തില്‍ മനുഷ്യശരീര ഭാഗങ്ങളുടെ കടത്തും വില്‍പ്പനയും തടയാന്‍ കര്‍ശന നിയമങ്ങള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇതൊരു കറുത്ത വിപണിയായി തുടരുകയാണ്. മാനവികതയ്ക്കും ആരോഗ്യസംരക്ഷണത്തിനും ഒരുപോലെ വെല്ലുവിളിയാകുന്ന ഈ മനുഷ്യശരീരക്കച്ചവടത്തിന് തടയിടാന്‍ ലോകരാജ്യങ്ങളും ഇ-കൊമേഴ്‌സ് ഭീമന്മാരും ഉടന്‍ തന്നെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
കളി കാര്യമായി : നവമാധ്യമങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് അന്താരാഷ്ട്രതലത്തില്‍ തഴച്ചുവളരുന്ന മമ്മികളുടേയും മനുഷ്യശരീരഭാഗങ്ങളുടെയും അനധികൃത വില്‍പ്പന വന്‍ ആരോഗ്യഭീഷണിയുയര്‍ത്തുന്നതായി പുതിയ പഠനം !!
Advertisement
Advertisement
Advertisement