breaking news New

കേരള പ്രവാസി കമ്മീഷനില്‍ ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും ഇനി മുതല്‍ എവിടെയിരുന്നും പരാതി നല്‍കാനാകുമെന്ന് കേരള പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫിയ തോമസ്

പ്രവാസി കമ്മീഷന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തതോടെയാണ് ഓണ്‍ലൈനായി പരാതി സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനുമുള്ള സംവിധാനം തയാറായത്.

ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്.

യുകെയിലോ യുഎസിലോ ഉള്ള ഒരാള്‍ക്ക്, ഇവിടെ നാട്ടില്‍ ഒറ്റയ്‌ക്ക് കഴിയുന്ന അമ്മയെ അടുത്ത വീട്ടിലുള്ളവര്‍ ഉപദ്രവിക്കുകയോ, വസ്തുവിലേക്ക് അതിക്രമിച്ചു കയറുകയോ, വേലി പൊളിക്കുകയോ ചെയ്താല്‍, അവിടെയിരുന്ന് തന്നെ വെബ്‌സൈറ്റിലൂടെ കമ്മീഷന് പരാതി അയക്കാം. കമ്മീഷന്‍ ഉടന്‍ തന്നെ പരാതി പരിശോധിച്ചു ലോക്കല്‍ പോലീസിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ നിര്‍ദേശം നല്‍കും. എതിര്‍കക്ഷിയുടെ വിലാസവും ഫോണ്‍ നമ്പറും നല്‍കിയാല്‍ മാത്രം മതി. ഇടനിലക്കാര്‍ പണം വാങ്ങി വഞ്ചിക്കുന്നത് തടയാനും ഇതുവഴി സാധിക്കും. ലോകത്തിന്റെ എവിടെയിരുന്നാലും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെബ്‌സൈറ്റ് വഴി സാധിക്കും. www.nricommission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇതിനെക്കുറിച്ചുള്ള സകല വിവരങ്ങളും ലഭ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി കമ്മീഷന്‍ നടത്തിയ അദാലത്തുകളിലൂടെ അഞ്ഞൂറിലേറെ പരാതികള്‍ പരിഹരിക്കാനായെന്നും ജസ്റ്റിസ്. സോഫിയ തോമസ് പറഞ്ഞു.

കേരള പ്രവാസി കമ്മീഷനില്‍ നല്‍കാവുന്ന പരാതികള്‍
____________________________

വ്യാജ വിസ നല്‍കി വഞ്ചിക്കുന്ന ഏജന്റുമാര്‍, ജോലി ചെയ്ത കാലയളവിലെ ശമ്പളം, സര്‍വീസ് ആനുകൂല്യങ്ങള്‍, ബോണസ് എന്നിവ കമ്പനികള്‍ നല്‍കാതിരിക്കല്‍, നാട്ടില്‍ വച്ച് ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദേശത്ത് കുറഞ്ഞ ശമ്പളവും മോശം തൊഴില്‍ സാഹചര്യങ്ങളും നല്‍കുന്നത്,

വിദേശത്തെ സ്‌പോണ്‍സര്‍മാരോ കമ്പനികളോ പ്രവാസികളുടെ പാസ്‌പോര്‍ട്ട് നിയമവിരുദ്ധമായി വാങ്ങിവെക്കുന്നത്,

നാട്ടിലോ വിദേശത്തോ നടത്തുന്ന പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകളില്‍ പങ്കാളികള്‍ നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍,

നാട്ടില്‍ വാങ്ങുന്ന ഭൂമി, ഫ്‌ലാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബില്‍ഡര്‍മാരോ ഇടനിലക്കാരോ നടത്തുന്ന ചതികള്‍,

പ്രവാസികള്‍ വിദേശത്തായിരിക്കുന്ന സമയത്ത് അവരുടെ നാട്ടിലെ ഭൂമിയോ വീടോ അയല്‍വാസികളോ മറ്റ് വ്യക്തികളോ നിയമവിരുദ്ധമായി കൈയേറുന്നത്. വ്യാജ ആധാരങ്ങള്‍ ചമയ്‌ക്കല്‍ തുടങ്ങിയവക്കെതിരെയെല്ലാം പ്രവാസികള്‍ക്ക് പരാതി നല്‍കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t