breaking news New

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ട്രെയിനുകളിൽ മാസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാനക്കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തിയതുമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. യാത്രാ ചെലവ് താങ്ങാനാകാതെ ഇത്തവണ ഓണം കേരളത്തിന് പുറത്ത് ആഘോഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് പലരും.

തിരക്ക് പരിഹരിക്കുന്നതിനായി റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി–കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾ മതിയായ ആശ്വാസം നൽകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. റെഗുലർ ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നതോടെ ഭൂരിഭാഗം യാത്രക്കാരും ഇപ്പോൾ വെയ്റ്റിങ് ലിസ്റ്റിലാണ്. സ്പെഷ്യൽ ട്രെയിനുകളിലെ തേർഡ് എസി നിരക്കുകൾ സാധാരണ ട്രെയിനുകളേക്കാൾ കൂടുതലാണെന്നും യാത്രക്കാർ ആരോപിക്കുന്നു.

യാത്രയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ലഭ്യമാകുന്ന തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളിലാണ് ഇനി പലരുടെയും പ്രതീക്ഷ. കടുത്ത മത്സരത്തിൽ ടിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമേ ട്രെയിൻ യാത്ര സാധ്യമാകൂ എന്ന സ്ഥിതിയാണുള്ളത്.

അതേസമയം,
ബസ് നിരക്കും കുത്തനെ ഉയർന്നു!!

സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എസി മൾട്ടി-ആക്സിൽ സ്ലീപ്പർ ബസുകളിൽ 1,200 രൂപ മുതൽ 2,500 രൂപ വരെയാണ് നിരക്ക്. എന്നാൽ ഓണത്തിരക്ക് കണക്കിലെടുത്ത് വാരാന്ത്യ ദിവസങ്ങളിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ നിരക്ക് വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.

പ്രമുഖ പ്രീമിയം ഓപ്പറേറ്റർമാർ സിംഗിൾ സീറ്റിന് 3,000 രൂപ മുതൽ 5,900 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്. എസി ഇല്ലാത്ത സാധാരണ ബസുകളിലും ആരംഭ നിരക്ക് 1,400 രൂപയ്ക്ക് മുകളിലാണ്. കേരള, കർണാടക കെഎസ്ആർടിസികൾ അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് സീറ്റുകൾ ലഭ്യമല്ലാത്തത് സ്വകാര്യ ബസ് സർവീസുകളുടെ നിരക്ക് വർധനയ്ക്ക് വഴിയൊരുക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.

ഇതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കും യാത്രക്കാരെ പൊള്ളിക്കുന്നു. ബെംഗളൂരുവിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് ഏകദേശം 3,300 മുതൽ 4,500 രൂപ വരെയാണ്. എന്നാൽ ഓണക്കാലത്ത് അവസാന നിമിഷത്തെ ബുക്കിങ്ങുകൾക്ക് 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് ചില വിമാനക്കമ്പനികൾ ഈടാക്കുന്നത്. ചില റൂട്ടുകളിൽ കണക്റ്റിങ് വിമാനങ്ങളുടെ നിരക്ക് ഇതിലും ഉയരുന്നുണ്ട്.

നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് കേരളത്തിലെത്തി ഓണം ആഘോഷിച്ച് ബെംഗളൂരുവിലേക്ക് മടങ്ങാൻ മാത്രം വലിയ തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. യാത്രാ ചെലവിലെ ഈ വർധന സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

കേരള, കർണാടക സർക്കാരുകളും റെയിൽവേ മന്ത്രാലയവും അടിയന്തരമായി ഇടപെട്ട് കൂടുതൽ സ്പെഷ്യൽ ട്രെയിനുകളും അന്തർസംസ്ഥാന ബസ് സർവീസുകളും സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടായില്ലെങ്കിൽ ഇത്തവണ പതിനായിരക്കണക്കിന് മലയാളികളുടെ ഓണാഘോഷം ബെംഗളൂരുവിലെ ഫ്ലാറ്റുകളിൽ തന്നെ ഒതുങ്ങും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t