ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ വളർത്തിയ നെൽച്ചെടികൾ വിജയകരമായി വിളവെടുത്തു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർക്ക് ആവശ്യമായ ഭക്ഷണം സ്വയം ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലെ പ്രധാന ചുവടുവയ്പ്പായാണ് ഈ പരീക്ഷണത്തെ ശാസ്ത്രലോകം കാണുന്നത്.
ഷെൻഷൗ-23 ദൗത്യത്തിന്റെ ഭാഗമായി ടിയാൻഗോങിൽ നടത്തിയ പരീക്ഷണത്തിലാണ് നെൽച്ചെടികൾ വിത്തിൽനിന്ന് മുളപ്പിച്ച് വളർത്തി വീണ്ടും വിത്ത് ഉത്പാദിപ്പിക്കുന്ന ‘സീഡ്-ടു-സീഡ്’ പ്രക്രിയ പൂർത്തിയാക്കിയത്. മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ ചെടികളുടെ വളർച്ച, പൂവിടൽ, വിത്തുത്പാദനം, ജനിതക മാറ്റങ്ങൾ തുടങ്ങിയവയാണ് ഗവേഷകർ പ്രധാനമായും പഠിക്കുന്നത്.
ഭൂമിയിൽനിന്ന് തുടർച്ചയായി ഭക്ഷണം ബഹിരാകാശ നിലയങ്ങളിലേക്ക് എത്തിക്കുന്നത് ചെലവേറിയതും ദീർഘകാല ദൗത്യങ്ങൾക്ക് പ്രായോഗികമായി പരിമിതികളുള്ളതുമാണ്. അതിനാൽ ബഹിരാകാശ നിലയങ്ങളിലും ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും സ്ഥാപിക്കാനിടയുള്ള മനുഷ്യവാസ കേന്ദ്രങ്ങളിലും ‘ഇൻ-സിറ്റു ഫുഡ് പ്രൊഡക്ഷൻ’ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം.
വിളവെടുത്ത നെല്ലിന്റെ സാമ്പിളുകൾ ഭൂമിയിലെത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ വികിരണവും സസ്യങ്ങളുടെ ജനിതകഘടനയിലും വളർച്ചയിലും ഉണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഭാവിയിൽ കൂടുതൽ വിളവ് നൽകുന്നതും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ പുതിയ വിളയിനങ്ങൾ വികസിപ്പിക്കാനും ഈ ഗവേഷണം സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ചന്ദ്രനിലും ചൊവ്വയിലും ദീർഘകാല മനുഷ്യവാസം സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം പരീക്ഷണങ്ങൾ നിർണായകമാണ്. ബഹിരാകാശത്ത് വെള്ളം, വായു, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്നത് ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് വലിയ നേട്ടമാകും.
ഭൂമിക്കു പുറത്തും ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കാമെന്ന മനുഷ്യന്റെ സ്വപ്നത്തിന് കൂടുതൽ കരുത്തേകുന്ന നേട്ടവുമായി ചൈന !!
Advertisement
Advertisement
Advertisement