കേവലം യുപിഐ അല്ലെങ്കിൽ ബാങ്ക് വഴി പണം കൈമാറി എന്നതുകൊണ്ടു മാത്രം നികുതി വകുപ്പ് ആർക്കും നേരിട്ട് നോട്ടിസ് അയക്കാറില്ല. എന്നാൽ നിങ്ങൾ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളും ആദായനികുതി റിട്ടേണിൽ (ഐടിആർ) കാണിച്ചിരിക്കുന്ന വാർഷിക വരുമാനവും തമ്മിൽ വലിയ അന്തരം വരുമ്പോഴാണ് അന്വേഷണങ്ങൾ ഉണ്ടാകുന്നത്. വ്യക്തമായ വരുമാന സ്രോതസ്സ് കാണിക്കാതെ അക്കൗണ്ടിലേക്ക് എത്തുന്ന വലിയ തുകകൾ നികുതി വകുപ്പിന്റെ നിരീക്ഷണ പരിധിയിൽ വരും.
നിങ്ങൾ സമർപ്പിക്കുന്ന ആദായനികുതി വിവരങ്ങൾ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് നികുതി വകുപ്പ് നിലവിൽ ഉപയോഗിക്കുന്നത്. ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ് (എഐഎസ്), ഫോം 26എഎസ് എന്നിവ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, ഷെയർ ട്രേഡിംഗ്, ക്രെഡിറ്റ് കാർഡ് അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം പാൻ നമ്പറുമായി ബന്ധിപ്പിച്ച് കൃത്യമായി വിശകലനം ചെയ്യപ്പെടുന്നു.
ഒരു സാമ്പത്തിക വർഷത്തിൽ ബന്ധുക്കളല്ലാത്ത വ്യക്തികളിൽ നിന്ന് യുപിഐ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ 50,000 രൂപയിൽ കൂടുതൽ സമ്മാനമായി ലഭിച്ചാൽ അത് നികുതിക്ക് വിധേയമാണ്. ഈ തുക ഐടിആറിൽ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. തുക കൃത്യമായി രേഖപ്പെടുത്താതിരുന്നാൽ നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി വകുപ്പ് നോട്ടീസ് അയക്കും.
ഒരു വ്യക്തിഗത സേവിംഗ്സ് അക്കൗണ്ടിൽ ഒരു വർഷം 10 ലക്ഷം രൂപയിൽ കൂടുതലോ കറന്റ് അക്കൗണ്ടിൽ 50 ലക്ഷം രൂപയിൽ കൂടുതലോ ഡിജിറ്റലായി ഡെപ്പോസിറ്റ് ചെയ്യപ്പെട്ടാൽ ബാങ്കുകൾ ആ വിവരങ്ങൾ നികുതി വകുപ്പിന് കൈമാറാൻ ബാധ്യസ്ഥരാണ്. ബിസിനസ്സ് ആവശ്യങ്ങൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിച്ച് വലിയ തുകകൾ ഇടപാട് നടത്തുന്നതും അപകടകരമാണ്. ഇത്തരം സന്ദർഭങ്ങളിൽ വരുമാന സ്രോതസ്സ് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ കനത്ത പിഴ ഒടുക്കേണ്ടി വരും.
വ്യാപാര സ്ഥാപനങ്ങളും ഫ്രീലാൻസർമാരും യുപിഐ വഴി സ്വീകരിക്കുന്ന ഓരോ തുകയും അവരുടെ ബിസിനസ് വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളവരാണെങ്കിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ കൃത്യമായി ഡിജിറ്റൽ കണക്കുകളിൽ രേഖപ്പെടുത്തണം. വലിയ തുകകൾ വാങ്ങുമ്പോഴും നൽകുമ്പോഴും അതിൻറെ രസീതുകൾ, ചാറ്റ് സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവ സൂക്ഷിക്കുന്നത് ഭാവിയിൽ വരാവുന്ന നോട്ടീസുകളെ ചെറുക്കാൻ സഹായിക്കും.
സ്വന്തം കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ അയക്കുന്ന പണത്തിനും മുൻപ് വാങ്ങിയ വായ്പകൾ തിരിച്ചടയ്ക്കുമ്പോഴും നികുതി ബാധകമല്ല. എങ്കിലും വലിയ ഇടപാടുകൾ നടത്തുമ്പോൾ ഇടപാടിന്റെ ഉദ്ദേശ്യം ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ വ്യക്തമാകുന്നത് നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ കൃത്യതയും സുതാര്യതയും പുലർത്തിയാൽ വരുമാന നികുതി വകുപ്പിൽ നിന്നുള്ള ആവശ്യമില്ലാത്ത നോട്ടീസുകൾ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും.
ഡിജിറ്റൽ പണം ഇടപാടുകളും ശ്രദ്ധിക്കുക : ഭൂരിഭാഗം ആളുകളും സ്മാർട്ട്ഫോണുകൾ വഴിയാണ് ഇടപാടുകൾ നടത്തുന്നത് : ഇത്തരത്തിൽ വലിയ തുകകൾ കൈമാറുമ്പോൾ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ നോട്ടിസ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു !!
Advertisement
Advertisement
Advertisement