breaking news New

ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം തകർന്ന റോഡ് പെഡസ്റ്റൽ ഫാനുകൾ വെച്ച് ഉണക്കാൻ ശ്രമിച്ച് അധികൃതർ !!

ഉത്തർപ്രദേശിൽ 4,700 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ലഖ്നൗ-കാൻപൂർ എക്സ്പ്രസ് വേയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തകർന്ന റോഡിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷം ടാർ ഉണക്കാൻ തൊഴിലാളികൾ ഫാനുകൾ നിരത്തിവെച്ചിരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി സർക്കാരിനെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തി. കഴിഞ്ഞ ജൂലൈ 13-നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിൽ ഈ എക്സ്പ്രസ് വേ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് ഉദ്ഘാടനം ചെയ്ത റോഡാണ് മൂന്ന് ആഴ്ച തികയും മുൻപ് തകർന്നടിഞ്ഞത്.

“ഇതാണ് ബി.ജെ.പി സ്റ്റൈൽ പുരോഗതിയുടെ പുതിയ കാറ്റ്… ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന റോഡ് അതിവേഗം ഉണക്കാൻ ഫാനുകൾ ഉപയോഗിക്കുന്നത് അങ്ങേയറ്റം ഹാസ്യകരമാണ്. നിർമ്മിച്ച് 2-3 ആഴ്ചയ്ക്കുള്ളിൽ തകരാൻ തുടങ്ങിയ ഈ എക്സ്പ്രസ് വേയിലൂടെ ജീവൻ പണയം വെച്ച് ആരെങ്കിലും വണ്ടിയോടിക്കുമോ? ബി.ജെ.പി ഭരണത്തിന് കീഴിൽ നടക്കുന്ന എല്ലാ നിർമ്മാണങ്ങളും കുറച്ചുനാൾ ഓടുകയും അതിവേഗം തകരുകയും ചെയ്യും.” – അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.

തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് റോഡിന്റെ അടിത്തട്ടിലേക്ക് വെള്ളം ഇറങ്ങുകയും മണ്ണൊലിപ്പ് കാരണം റോഡ് ഇടിയുകയുമായിരുന്നു എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി പുതിയ ടാർ ഇടണമെങ്കിൽ അടിയിലെ മണ്ണും പാച്ചും പൂർണ്ണമായി ഉണങ്ങേണ്ടതുണ്ടായിരുന്നു. എന്നാൽ അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും തുടർച്ചയായ മഴയും കാരണം സ്വാഭാവികമായി ഉണങ്ങാൻ വൈകിയതിനാലാണ് ഇലക്ട്രിക് പെഡസ്റ്റൽ ഫാനുകൾ നിരത്തിവെച്ച് കൃത്രിമമായി കാറ്റടിച്ച് ഉണക്കാൻ ശ്രമിച്ചതെന്നാണ് നിർമ്മാണ ഏജൻസിയുടെ വാദം. സംഭവം വൻ വിവാദമായതോടെ എക്സ്പ്രസ് വേയിലെ ടോൾ പിരിവ് അടിയന്തരമായി നിർത്തിവെക്കാൻ എൻ.എച്ച്.എ.ഐ ഉത്തരവിട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t