breaking news New

കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിച്ചതിലും ഡീപ് ഫേക്ക് വ്യാജ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിലും ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്

പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തിലുണ്ടായ വീഴ്ചകളിൽ ഖേദം പ്രകടിപ്പിച്ച് സക്കർബർഗ് കേന്ദ്ര സർക്കാരിന് ഔദ്യോഗിക സന്ദേശം അയച്ചു.

ഇന്ത്യൻ ഐടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി മെറ്റായുടെ ആഗോള പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അടിയന്തര നീക്കം. പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ ബോധവൽക്കരണത്തിലും ഉള്ളടക്ക നിയന്ത്രണത്തിലും ഗുരുതരമായ പോരായ്മകൾ സംഭവിച്ചതായി മെറ്റാ സംഘം സമ്മതിക്കുകയായിരുന്നു.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങളും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളും തടയുന്നതിൽ സോഷ്യൽ മീഡിയ ഭീമൻ പരാജയപ്പെട്ടെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തെ നിയമങ്ങൾക്ക് എതിരാണെന്ന് സർക്കാർ കർശന മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക തകരാർ കാരണം നീക്കം ചെയ്ത സംഭവവും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മെറ്റയോട് കൃത്യമായ വിശദീകരണം ആവശ്യപ്പെടുകയും പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ മെറ്റയ്ക്ക് നൽകിയിട്ടുള്ള സേഫ് ഹാർബർ സംരക്ഷണം പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐടി നിയമത്തിലെ സെക്ഷൻ 79 പ്രകാരം ലഭിക്കുന്ന ഈ നിയമ പരിരക്ഷ നഷ്ടപ്പെട്ടാൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ മെറ്റ നേരിട്ട് നിയമനടപടി നേരിടേണ്ടി വരും.

ഈ ഘട്ടത്തിലാണ് സർക്കാരുമായി സമവായത്തിലെത്താൻ സക്കർബർഗ് നേരിട്ട് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം നൽകി പരസ്യം നൽകി വരെ അനധികൃത ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായി മെറ്റാ ഉദ്യോഗസ്ഥർ സമ്മതിച്ചു.

മെയ്റ്റി സെക്രട്ടറി എസ് കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മെറ്റയുടെ പ്ലാറ്റ്‌ഫോം അൽഗോരിതങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതിനിധികൾ ഉറപ്പുനൽകി. ഉള്ളടക്കങ്ങൾ പരിശോധിക്കാൻ അത്യാധുനിക സാങ്കേതികവിദ്യയും കൂടുതൽ ജീവനക്കാരെയും നിയോഗിക്കുമെന്നും അവർ അറിയിച്ചു.

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ഏത് സോഷ്യൽ മീഡിയ കമ്പനികളും ബാധ്യസ്ഥരാണെന്ന് കേന്ദ്ര സർക്കാർ യോഗത്തിൽ വ്യക്തമാക്കി. വെറുമൊരു ഇടനിലക്കാരൻ എന്ന സ്ഥാനത്ത് നിന്ന് പരസ്യ വരുമാനം നേടുന്നതിനാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

ഭാവിയിൽ ഇത്തരം വലിയ പിഴവുകൾ ആവർത്തിക്കില്ലെന്ന് മെറ്റ ഇന്ത്യൻ സർക്കാരിന് ഔദ്യോഗിക ഉറപ്പ് നൽകിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിത ഉള്ളടക്കങ്ങൾക്ക് പ്രത്യേക ടാഗിംഗ് സംവിധാനം കൊണ്ടു വരുമെന്നും കമ്പനി അറിയിച്ചു.

മാപ്പപേക്ഷ അംഗീകരിക്കുമെങ്കിലും മെറ്റയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഉപയോക്താക്കളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വ്യാജ വാർത്തകൾ തടയുന്നതിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സാങ്കേതിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. സർക്കാർ സ്വീകരിച്ച കർശന നിലപാട് മറ്റ് ആഗോള ടെക് കമ്പനികൾക്കും വലിയൊരു മുന്നറിയിപ്പാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t