ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്സിന്റെയും സഹായത്തോടെ നിര്‍മ്മിക്കുന്ന ഈ യാന്ത്രിക യോദ്ധാക്കള്‍ ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. യു.എസ് സൈന്യത്തിന്റെ ആവശ്യപ്രകാരം തോക്കേന്തിയ റോബോട്ടുകളെ നാളെ വേണമെങ്കിലും നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാണെന്ന് വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.
'ഫൗണ്ടേഷന്‍ ഫ്യൂച്ചര്‍ ഇന്‍ഡസ്ട്രീസ്' എന്ന പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ നീക്കങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഫാക്ടറി ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും ഭാവിയിലെ വന്‍നഗരങ്ങള്‍ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്ന കമ്പനി, യുദ്ധരംഗം പൂര്‍ണ്ണമായും റോബോട്ടുകള്‍ക്ക് കൈമാറാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. നൂറു കോടി ഡോളറിലധികം മൂല്യം കല്‍പ്പിക്കുന്ന ഈ സംരംഭത്തിനെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.
എന്നാല്‍ ഈ റോബോട്ട് പടയാളികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നാണ് കമ്പനിയുടെ സഹസ്ഥാപകനായ സങ്കേത് പഥക് വാദിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും വന്‍ വ്യാവസായിക വിപ്ലവത്തിനാണ് വഴിതുറക്കുന്നത്. സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്താനും സൈനികരുടെ ജീവന്‍ രക്ഷിക്കാനും ഈ സാങ്കേതികവിദ്യ ഉപകരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആഗോളതലത്തില്‍ വന്‍ശക്തികള്‍ തമ്മിലുള്ള സ്വയം നിയന്ത്രിത ആയുധ മത്സരം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഉക്രെയ്നിലും ഇറാനിലും നടക്കുന്ന ഡ്രോണ്‍ യുദ്ധങ്ങള്‍ ഇതിന്റെ വ്യക്തമായ തെളിവാണ്. ചൈനയും റഷ്യയും ആയുധങ്ങള്‍ ഘടിപ്പിച്ച റോബോട്ട് നായ്ക്കളെയും ഹ്യൂമനോയിഡ് റോബോട്ടുകളെയും വികസിപ്പിക്കുന്ന സാഹചര്യത്തില്‍, അമേരിക്കയ്ക്ക് ഇതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്.
അതേസമയം, യുണൈറ്റഡ് നേഷന്‍സും കത്തോലിക്കാ സഭയും ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. 'കൊലയാളി റോബോട്ടുകളെ' അന്താരാഷ്ട്ര നിയമത്തിലൂടെ നിരോധിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. എ.ഐ ആയുധങ്ങളെ നിരായുധീകരിക്കണമെന്ന് മാര്‍പ്പാപ്പയും ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖ ടെക് കമ്പനികളും ആയുധ നിര്‍മ്മാണത്തിന് റോബോട്ടുകളെ ഉപയോഗിക്കില്ലെന്ന് നേരത്തെ കരാറൊപ്പിട്ടിരുന്നു.
മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലില്ലാതെ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങള്‍ ചെറുതല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതിക തകരാറുകള്‍ മൂലമോ എ.ഐ സോഫ്‌റ്റ്വെയറിലെ പിഴവുകള്‍ മൂലമോ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടാന്‍ ഇത് കാരണമാകും. മാത്രമല്ല, യുദ്ധങ്ങളില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് ആരെ ഉത്തരവാദികളാക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു.
സൈനികരുടെ ജീവന്‍ അപകടത്തിലാകാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍, മറ്റ് രാജ്യങ്ങളെ ആക്രമിക്കാനും യുദ്ധങ്ങള്‍ ആരംഭിക്കാനും ഭരണാധികാരികള്‍ കൂടുതല്‍ എളുപ്പത്തില്‍ മുതിരുമെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ വ്യാപ്തി കുറയുന്നതോടെ ലോകത്ത് കൂടുതല്‍ പോരാട്ടങ്ങള്‍ ഉടലെടുക്കാന്‍ ഇത് വഴിവെച്ചേക്കാം.
നിലവില്‍ യു.എസ് പ്രതിരോധ വകുപ്പുമായി കോടികളുടെ കരാറുകളിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തികളില്‍ പട്രോളിംഗിനായി റോബോട്ടുകളെ വിന്യസിക്കുന്നതിനെക്കുറിച്ച് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റോബോട്ടുകള്‍ അന്തിമ തീരുമാനമെടുക്കുന്ന തലത്തിലേക്ക് എത്തുന്നതിന് മുന്‍പ് കടുത്ത നിയമപരമായ നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും പണം സമ്പാദിക്കാനുള്ള കോര്‍പ്പറേറ്റുകളുടെ നെട്ടോട്ടവും പണ്ടത്തെ സയന്‍സ് ഫിക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന ഭീകരാവസ്ഥയിലേക്കാണ് ലോകത്തെ നയിക്കുന്നത്. 'ഫാന്റം' എന്ന് പേരിട്ടിരിക്കുന്ന ആറടി ഉയരമുള്ള റോബോട്ടുകള്‍ നാളെ ഏത് നിമിഷവും പോര്‍ക്കളങ്ങളില്‍ തോക്കേന്തിയിറങ്ങാം എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
മനുഷ്യരാശിയുടെ നിഷ്‌കളങ്കമായ ജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം ആയുധ മത്സരങ്ങള്‍ ലോകസമാധാനത്തെ തകര്‍ക്കുമെന്നതില്‍ സംശയമില്ല. ഭാവിയിലെ യുദ്ധങ്ങള്‍ യന്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറുമെന്നും, അത് മനുഷ്യരാശിയുടെ വിനാശത്തിന് തന്നെ കാരണമാകുമെന്നുമുള്ള ഭീതിയിലാണ് ഇന്ന് ലോകം !!
ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തി തീവ്രമായ യുദ്ധങ്ങള്‍ അരങ്ങേറുന്ന നാളെയുടെ പോര്‍ക്കളങ്ങളിലേക്ക് മനുഷ്യനു പകരം റോബോട്ട് പടയാളികളെ ഇറക്കാന്‍ അമേരിക്ക ഒരുങ്ങുന്നു
Advertisement
Advertisement
Advertisement