breaking news New

ഡിജിറ്റൽ ഇടപാടുകൾ നിർത്തി പണമായി ഇടപാടുകൾ നടത്തി തുടങ്ങിയത് തന്റെ സാമ്പത്തിക ശീലങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സ്വദേശിയായ സദഫ് എന്ന യുവതി

കഴിഞ്ഞ മൂന്ന് മാസമായി ദിവസേനയുള്ള ചെലവുകൾക്ക് പണം നേരിട്ട് ഉപയോഗിക്കാൻ തുടങ്ങിയതോടെ അനാവശ്യ ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ സാധിച്ചെന്നാണ് ഇവർ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടയിലെ തന്റെ ഏറ്റവും വലിയ നേട്ടമായാണ് സദഫ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണം നേരിട്ട് കൈമാറുമ്പോൾ ഓരോ ചെലവിനെക്കുറിച്ചും കൃത്യമായ ബോധമുണ്ടാകാൻ ഇത് സഹായിച്ചുവെന്നും അവർ പറയുന്നു. ചെറിയ തുകകളുടെ അഞ്ച് ഇടപാടുകൾ യുപിഐ വഴി ചെയ്യുമ്പോൾ അത് വലിയ തുകയായി തോന്നുമായിരുന്നില്ല. എന്നാൽ, അറിയാതെ തന്നെ പെട്ടെന്ന് 1,000 രൂപയൊക്കെ ചെലവാകും.

എന്നാൽ ക്യാഷായി നൽകുമ്പോൾ പണം കൈയിൽ നിന്ന് പോകുന്നത് നേരിട്ട് കാണാൻ കഴിയും. ഒരു 500 രൂപ നോട്ട് കൊടുക്കുമ്പോൾ എത്ര ചെലവായി, കൈയിൽ ഇനി എത്ര ബാക്കിയുണ്ട് എന്ന് കൃത്യമായി മനസ്സിലാകും. ഇത് അനാവശ്യമായ ചെലവുകൾ തടയാൻ സഹായിച്ചുവെന്നും അവർ വ്യക്തമാക്കുന്നു. ഓരോ തവണയും ഫോണിലെ ആപ്പ് തുറന്നുനോക്കാതെ തന്നെ കൈയിൽ എത്ര പണമുണ്ടെന്ന് അറിയാൻ ഇത് സഹായിച്ചെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും, യുപിഐ പൂർണ്ണമായി ഉപേക്ഷിക്കുക എളുപ്പമല്ലെന്ന് സദഫ് സമ്മതിക്കുന്നുണ്ട്.

ചില്ലറ ലഭിക്കാത്ത സാഹചര്യങ്ങളിലും കടക്കാർക്ക് ബാക്കി പണം നൽകാൻ കഴിയാത്തപ്പോഴും ഡിജിറ്റൽ പേയ്മെന്റ് തന്നെ ഉപയോഗിക്കേണ്ടി വരാറുണ്ട്. അതുകൊണ്ട് നിലവിൽ '80:20' എന്ന രീതിയാണ് താൻ പിന്തുടരുന്നതെന്ന് അവർ പറയുന്നു. ചെലവാക്കുന്ന പണത്തിന്റെ 80 ശതമാനവും പണമായി കൈയിൽ സൂക്ഷിക്കുകയും, ക്യാഷ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മാത്രം 20 ശതമാനം യുപിഐ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് ഈ യുവതിയുടെ പക്ഷം. യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് അനുകൂലിച്ചും പ്രതികരിച്ചും രംഗത്തെത്തിയത്. പല കടകളിലും മാളുകളിലും കൃത്യമായ ചില്ലറ തിരികെ കിട്ടാറില്ലെന്ന് ചിലർ കമന്റുകളിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഇന്നത്തെ കാലത്ത് ദൈനംദിന ജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ പേയ്മെന്റുകൾ കാരണം നമ്മൾ എത്ര പണം ചെലവഴിക്കുന്നു എന്നത് പലപ്പോഴും അറിയാതെ പോകുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t